കണ്ണൂരിന്റെ പ്രകൃതി ഭംഗി അതിന്റെ തനതു സൗകുമാര്യത്തോട് കൂടി ആസ്വദിക്കണോ, എങ്കിൽ പാലക്കയം തട്ടിലേക്ക് പോരൂ. പുലരി കിരണങ്ങളെ പുണരുന്ന കോടമഞ്ഞും നോക്കെത്താദൂരം പരന്ന പുൽമേടുകളെ തലോടുന്ന കുളിർകാറ്റും. കാഴ്‌ചക്കാർക്ക് പ്രകൃതിയുടെ വിസ്മയക്കാഴ്ച സമ്മാനിക്കുന്ന സുന്ദരിയാണ് പാലക്കയം തട്ട്.
പശ്ചിമഘട്ട മലനിരകൾ ഉൾപ്പെടുന്ന ഇവിടം പരിസ്ഥിതി ദുർബല പ്രദേശം കൂടിയാണ്. അപൂർവയിനം ഔഷധ സസ്യങ്ങളും പക്ഷികളും ജീവജാലങ്ങളും പാലക്കയത്ത് എത്തുന്ന അതിഥികളെ സ്വീകരിക്കാൻ കാത്ത് നിൽപുണ്ട്. സമുദ്ര നിരപ്പിൽ നിന്നു 3500 അടി ഉയരത്തിലാണ് പാലക്കയം തട്ട് സ്ഥിതി ചെയ്യുന്നത്. പാലക്കായ് മരം തട്ട് ആണ് പിന്നീട് പാലക്കയം തട്ട് എന്നായത്. തളിപ്പറമ്പ് കുടിയാൻമല റൂട്ടിൽ നടുവിൽ പഞ്ചായത്തിലെ മണ്ടളത്തുനിന്ന് അഞ്ച് കിലോമീറ്റർ സഞ്ചരിച്ചാൽ പാലക്കയത്തെത്താം.
തളിപ്പറമ്പ് വിട്ട് കുടിയാൻ മല റോഡിൽ പ്രവേശിക്കുന്നതോടെ കാനന വീഥികൾ സ്വാഗതമോതും. എങ്ങും കാടിന്റെ ശീൽക്കാരം, പുകപടലം പോലെ കാഴ്ചകൾ മറച്ച് കോടമഞ്ഞ് പറന്നിറങ്ങും. കണ്ണെത്താദൂരത്ത് പരന്നു കിടക്കുന്ന പച്ച വിരിച്ച മലനിരകളും. അവസാന ഒന്നര കിലോമീറ്റർ മൺറോഡിലൂടെ കുത്തനെയുള്ള സാഹസിക യാത്രയാണ്. അവിടെയും മനം നിറയുന്ന കാഴ്ചകൾ. താഴേയ്ക്ക് നോക്കുമ്പോൾ ലോകം ഇങ്ങനെ പരന്നു കിടക്കുന്നു, കൊടുക് വനമേഖലയും പട്ടുനൂലു പോലെ വളപട്ടണം പുഴയുമൊക്കെ കാൽചുവട്ടിൽ നിൽക്കും പോലെ.
അസ്തമയസൂര്യന്റെ ശോഭയാണ് ഇവിടത്തെ മറ്റൊരാകർഷണം. സൂര്യാസ്‌തമയം അതിന്റെ പരമോന്നതഭംഗിയിൽ പാലക്കയം തട്ടിൽ ആസ്വദിക്കാൻ കഴിയും. സൂര്യൻ കൈക്കുമ്പിളിൽ വന്നസ്തമിക്കുന്ന പ്രതീതിയാണ് അത്. വൈകുന്നേരമാകുന്നതോടെ പ്രകൃതി അണിഞ്ഞൊരുങ്ങി സുന്ദരിയായി മാറും. വൈകുന്നേരങ്ങളിൽ മഞ്ഞിൽ കുളിച്ച് അസ്‌തമയ സൂര്യന്റെ സുവർണ ശോഭയിൽ മൊഞ്ചത്തിയാവും പാലക്കയം തട്ട്. അനന്തമായ പാലക്കയത്തിന്റെ സൗന്ദര്യം തന്റെ വെള്ള വളയങ്ങളാൽ മറച്ചു കൊണ്ട് കോടമഞ്ഞ് താഴ്‌വാരത്തിലൂടെ ഒഴുകുമ്പോൾ നമ്മൾ സ്വയം മറക്കും.