sabarimala
sabarimala

പത്തനംതിട്ട:ശബരിമല നട തുലാമാസ പൂജകൾക്ക്‌ തുറക്കാൻ രണ്ടു നാൾ മാത്രം ശേഷിക്കേ സ്‌ത്രീപ്രവേശന വിധി നടപ്പാക്കാൻ ബാദ്ധ്യതയുളള സർക്കാരിന് വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പേരിൽ നടക്കുന്ന ശക്തമായ പ്രതിഷേധം വെല്ലുവിളിയായി തുടരുന്നതിനിടെ സമവായ ചർച്ചയ്‌ക്ക് ദേവസ്വം ബോർഡ് ശ്രമം തുടങ്ങി.

നാളെ ( ചൊവ്വ ) രാവിലെ 10 മണിക്ക് ബോർഡ് ആസ്ഥാനത്ത് ചർച്ചയ്‌ക്കായി തന്ത്രി സമാജം, പന്തളം കൊട്ടാരം, അയ്യപ്പസേവാസംഘം, അയ്യപ്പസേവാസമാജം, ശബരിമല തന്ത്രിമാർ, ​താഴമൺ കുടുംബം, യോഗക്ഷേമസഭ എന്നിവരെ വിളിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് എ.പദ്മകുമാർ പറഞ്ഞു. മ ണ്ഡലകാല ഒരുക്കങ്ങൾ ചർച്ചചെയ്യാൻ കൂടിയാണ് യോഗം. എന്നാൽ ചർച്ചയിൽ പങ്കെടുക്കണമോ എന്ന് ഇവർ തീരുമാനിച്ചിട്ടില്ല.

നടതുറക്കുന്നതിന് തൊട്ടുമുൻപ് ചർച്ചയ്‌ക്ക് ക്ഷണിച്ചത് എതിർപക്ഷത്തെ അവസാന നിമിഷം വഴങ്ങാൻ നിർബന്ധിപ്പിക്കാനുള്ള സർക്കാരിന്റെ തന്ത്രമാണെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. ചർച്ചയ്‌ക്ക് തയ്യാറായില്ലെന്ന പേരുദോഷത്തിൽനിന്ന് സർക്കാരിന് രക്ഷപ്പെടാനും കഴിയും. ചർച്ച നടന്നാലും സ്‌ത്രീപ്രവേശന വിധി നടപ്പാക്കാൻ കഴിയാത്ത ഒരു സമവായത്തിന് സർക്കാരോ ആചാരങ്ങളും വിശ്വാസങ്ങളും ബലികഴിക്കുന്ന ഒത്തുതീർപ്പിന് എതിർപക്ഷമോ വഴങ്ങുമോ എന്നാണ് കണ്ടറിയേണ്ടത്.

ബുധനാഴ്ച വൈകിട്ടാണ് നട തുറക്കുന്നത്. പൂജകൾ വ്യാഴാഴ്ച രാവി​ലെ തുടങ്ങും. പുതിയ മേൽശാന്തിമാരുടെ നറുക്കെടുപ്പ് അന്നാണ്. മണ്ഡലകാലത്തിനു മുമ്പുള്ള അവസാനത്തെ മാസപൂജയ്‌ക്ക് നടതുറക്കുമ്പോൾ വിവാദങ്ങളും സംഘർഷവും ഉണ്ടാവരുതെന്നാണ് ദേവസ്വം ബോർഡും സർക്കാരും ആഗ്രഹിക്കുന്നത്. ഇപ്പോൾ ഒരു സമവായം ഉണ്ടായാൽ മണ്ഡലകാല ഒരുക്കങ്ങളിലേക്ക് പ്രശ്നമില്ലാതെ നീങ്ങാം.

സമരം, പ്രതിഷേധം

എൻ. ഡി. എയുടെ ശബരിമല സംരക്ഷണ യാത്ര ഇന്ന് സെക്രട്ടേറിയേറ്റ് നടയിൽ സമാപിക്കും. എന്നാൽ വിശ്വാസികളുടെ സമരം തുടരാൻ പന്തളം കൊട്ടാരം ജനറൽബോഡി ഇന്നലെ തീരുമാനിച്ചു. 17ന് നിലയ്ക്കലിലും എരുമേലിയിലും സ്ത്രീപ്രവേശനത്തിനെതിരെ നാമജപം നടത്തുമെന്ന് ഹിന്ദുസംഘടനകൾ അറിയിച്ചിട്ടുണ്ട്. നിലയ്ക്കലിൽ പർണശാല കെട്ടിയുള്ള സമരം തുടരുകയാണ്. ഇന്നലെ നടൻ ദേവന്റെ നേതൃത്വത്തിൽ ചെങ്ങന്നൂരിൽ നിന്ന് നിലയ്ക്കലേക്ക് ശബരിമല സംരക്ഷണ യാത്ര നടത്തി. യുവതികളെ തടയാൻ പ്രതിഷേധക്കാർ ഇരുമുടിക്കെട്ടുമേന്തി നിലയ്ക്കലും പമ്പയിലും സന്നിധാനത്തും തമ്പടിക്കുമെന്നാണ് സൂചന.50 കഴിഞ്ഞ സ്ത്രീകളെ മലയിലെത്തിച്ച് യുവതികളെ തടയുമെന്നാണ് ശിവസേനയുടെ പ്രഖ്യാപനം.നിലയ്ക്കലും പമ്പയിലും യുവതികളെ തടഞ്ഞാൽ സ്ഥിതി ഗുരുതരമാകും.

അതിനിടെ ശബരിമലയിൽ ഉടനെ എത്തുമെന്ന് സാമൂഹ്യ പ്രവർത്തക തൃപ്തി ദേശായി പറഞ്ഞത് സമരത്തിനു തീവ്രത പകർന്നിട്ടുണ്ട്. തൃപ്തിദേശായി വന്നാൽ വന്നപോലെ തിരിച്ചുപോകില്ലെന്ന് ശിവസേനയും ഹൈന്ദവ സംഘടനകളും അറിയിച്ചിട്ടുണ്ട്. സ്ത്രീകൾക്കായി കൂടുതൽ സൗകര്യം ഒരുക്കിയിട്ടില്ലെന്ന് ദേവസ്വം മന്ത്രിയും ബോർഡും വ്യക്തമാക്കിയത് യുവതികൾ വരില്ലെന്ന പ്രതീക്ഷയിലാണ്. ശബരിമലയിലെ സുരക്ഷാ ക്രമീകരണങ്ങൾ സാധാരണ പോലെയാണെന്ന് പത്തനംതിട്ട പൊലീസ് ചീഫ് ടി. നാരായണൻ പറഞ്ഞു.

സന്നിധാനത്തേക്ക് യുവതികൾ വരില്ലെന്നാണ് പ്രതീക്ഷ. വന്നാൽ എന്തു ചെയ്യണമെന്ന് വിശ്വാസികൾ തീരുമാനിക്കും.

നാരായണ വർമ്മ, പന്തളം കൊട്ടാരം നിർവാഹക സംഘം സെക്രട്ടറി.