randamoozham

കോഴിക്കോട്: മോഹൻലാലിനെ നായകനാക്കി പ്രഖ്യാപിച്ച രണ്ടാമൂഴം എന്ന സിനിമ വിവാദച്ചുഴിയിൽ പെട്ടിരിക്കെ അനുരഞ്ജന നീക്കവുമായി സംവിധായകൻ വി.എ.ശ്രീകുമാർ രംഗത്ത്. ഇതിന്റെ ഭാഗമായി ശ്രീകുമാർ മേനോൻ ഇന്നലെ രാത്രി എം.ടിയെ കോഴിക്കോടുള്ള വീട്ടിൽ സന്ദർശിച്ചു. സിനിമ വൈകാനിടയായതിൽ എം.ടിയോട് സംവിധായകൻ ക്ഷമ ചോദിച്ചു. നൽകിയ വാക്ക് നിറവേറ്റുമെന്നും അദ്ദേഹം എം.ടിയെ അറിയിച്ചു. നേരത്തെ ഫേസ്ബുക്കിലൂടെയും ശ്രീകുമാർ മേനോൻ ക്ഷമ ചോദിച്ചിരുന്നു. സിനിമ നടക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഒടിയൻ എന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളുമായുള്ള തിരക്കിൽ ആയതിനാലാണ് രണ്ടാമൂഴം വൈകുന്നതെന്ന് ശ്രീകുമാർ മേനോൻ പറഞ്ഞു. നടിയെ ആക്രമിച്ച സംഭവത്തെ ഇതുമായി കൂട്ടിക്കെട്ടാൻ ചിലർ ശ്രമിച്ചു. ആ തെറ്റിദ്ധാരണയിൽ അകപ്പെടരുതെന്ന് എം.ടിയോട് മേനോൻ അഭ്യർത്ഥിച്ചു. രണ്ടാമൂഴത്തിന്റെ പേരിൽ നിയമയുദ്ധത്തിനില്ലെന്നും ശ്രീകുമാർ മേനോൻ പറഞ്ഞു. അതേസമയം,​ എം.ടി വഴങ്ങിയില്ലെന്നാണ് റിപ്പോർട്ട്. തിരക്കഥ തിരികെ വേണമെന്ന നിലപാടിൽ അദ്ദേഹം ഉറച്ചു നിൽക്കുന്നെന്നാണ് സൂചന. 1000 കോടി മുതൽമുടക്കിൽ ബി.ആർ.ഷെട്ടിയാണ് ചിത്രം നിർമിക്കുന്നത്. എം.ടിയുടെ തിരക്കഥ പ്രശ്നമല്ലെന്നും തനിക്ക് സിനിമയാണ് വലുതെന്നും ഷെട്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

'രണ്ടാമൂഴം' നോവലിനെ അടിസ്ഥാനമാക്കി രചിച്ച തിരക്കഥയിൽ വി.എ. ശ്രീകുമാർ മേനോൻ സിനിമ സംവിധാനം ചെയ്യുന്നത് മറ്റൊരു ഉത്തരവ് ഉണ്ടാവുന്നത് വരെ കോഴിക്കോട് അഡിഷണൽ മുൻസിഫ് കോടതി നേരത്തെ തടഞ്ഞിരുന്നു.. തിരക്കഥ ഉപയോഗിക്കുന്നത് തടയണമെന്നും തിരക്കഥ തിരികെ നൽകണമെന്നും ആവശ്യപ്പെട്ട് എം.ടി. വാസുദേവൻ നായർ നൽകിയ ഹർജിയിലാണിത്.

സിനിമയുടെ ചിത്രീകരണം അനന്തമായി നീളുന്നതിനാലാണ് പിന്മാറാൻ എം.ടി തീരുമാനിച്ചത്. സംവിധായകൻ ശ്രീകുമാർ മേനോനുമായുള്ള കരാർ അവസാനിച്ചെന്നും തിരക്കഥ തിരികെ വേണമെന്നുമാണ് എം.ടിയുടെ വാദം. തിരക്കഥ കൈപ്പറ്റുമ്പോൾ വാങ്ങിയ മുൻകൂർ തുക തിരികെ നൽകാമെന്നും ഹർജിയിൽ പറയുന്നു.

വർഷങ്ങൾ ചെലവഴിച്ച് കഠിനാദ്ധ്വാനം ചെയ്താണ് താൻ തിരക്കഥ തയ്യറാക്കിയത്. എന്നാൽ ഇതിന്റെ കാൽഭാഗം പോലും ആത്മാർത്ഥത സിനിമയുടെ അണിയറ പ്രവർത്തകർ കാണിക്കുന്നില്ലെന്ന് എം.‌ടി പറയുന്നു. നാല് വർഷം മുമ്പാണ് ശ്രീകുമാർ മേനോനുമായി കരാർ ഉണ്ടാക്കിയത്. തുടർന്ന് മലയാളം, ഇംഗ്ളീഷ് തിരക്കഥകൾ നൽകി. മൂന്ന് വർഷം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കുമെന്നായിരുന്നു കരാർ. എന്നാൽ ചിത്രീകരണം തുടങ്ങാൻ പോലും ശ്രീകുമാർ മേനോന് കഴിഞ്ഞില്ലെന്നും എം.ടി പറയുന്നു.