amma-meeting

കൊച്ചി: വിമെൻ ഇൻ സിനിമാ കളക്‌ടീവിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി താര സംഘടനയായ 'അമ്മ' രംഗത്ത്. ദിലീപ് കുറ്റക്കാരനോ അല്ലയോ എന്നതല്ല ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കുക എന്നത് മാത്രമാണ് ലക്ഷ്യമെന്ന് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അമ്മ വ്യക്തമാക്കി. 'കോടതി വിധി വരുന്നതുവരെ ആരോപണവിധേയൻ നിരപരാധിയാണ്.

ഡബ്ല്യു.സി.സിയുടെ പരാതിയിൽ നടപടി വൈകിയത് പ്രളയം കാരണമാണ്. മോഹൻലാലിന്റെ തലയിൽ മാത്രം ആരോപണങ്ങൾ കെട്ടിവയ്‌ക്കരുത്. എല്ലാ തീരുമാനവും എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടേതാണ്. സർക്കാരിന്റെ ഇടപെടലിൽ പിന്തുണ അറിയിക്കുന്നുവെന്നും അമ്മ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.

എല്ലാ പ്രശ‌നങ്ങളും പരിഹരിച്ചു വരികയായിരുന്നു. എന്നാൽ ആ സമയത്താണ് പ്രളയം വന്നത്. അമ്മയുടെ അംഗങ്ങൾ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ തിരക്കിലായിരുന്നു. അതുകഴിഞ്ഞ് സംസ്ഥാന സ‌ർക്കാരിലേക്ക് പണം സ്വരൂപിച്ച് നൽകുന്നതിലേക്കായി വിദേശത്ത് ഒരു ഷോ ചെയ്യാൻ തീരുമാനിച്ചിരുന്നു. ഇതിന്റെയൊക്കെ തിരക്കിലായതിനാലാണ് ഡബ്ല്യു.സി.സിയുടെ പരാതികൾക്ക് മറുപടി നൽകാൻ വൈകിയത്'- അമ്മയുടെ വക്താവ് കൂടിയായ നടൻ ജഗദീഷ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

തിലകനെ പുറത്താക്കിയത് സംബന്ധിച്ച ആരോപണങ്ങൾക്കും അമ്മ മറുപടി നൽകിയിട്ടുണ്ട്. തിലകനെ പുറത്താക്കിയത് എക്‌സിക്യൂട്ടീവ് കമ്മിറ്റി തന്നെയാണ്. പിന്നീട് അത് ജനറൽ ബോഡി അംഗീകരിക്കുകയായിരുന്നു. ദിലീപിനെ പുറത്താക്കിയത് എക്‌സ്. കമ്മിറ്റിയായിരുന്നെങ്കിലും ജനറൽ ബോഡി അത് തള്ളുകയായിരുന്നു. അതുകൊണ്ടു തന്നെ എക്‌സ്. കമ്മിറ്റിക്ക് മാത്രം തീരുമാനമെടുക്കാൻ കഴിയില്ല. വിഷയം ചർച്ച ചെയ്യുന്നതിലേക്കായി ഉടൻ തന്നെ ജനറൽ ബോഡി വിളിച്ചു ചേർക്കുമെന്നും വാർത്താക്കുറിപ്പിൽ അമ്മ വ്യക്തമാക്കുന്നു.