nefertiti

കേരളത്തിലെ വിനോദ സഞ്ചാരമേഖലയ്ക്ക് ഉണർവായി നെഫർറ്റിറ്റി എത്തുന്നു. പൂർണമായും ശീതീകരിച്ച മൂന്ന് നിലകളോട് കൂടിയ കപ്പലാണ് നെഫർറ്റിറ്റി. കൊച്ചി കേന്ദ്രമാക്കി അടുത്തമാസത്തോടെ പ്രവർത്തനം ആരംഭിക്കുന്ന ഈ ഉല്ലാസനൗകയിൽ ഇതു വരെയുള്ള ഉല്ലാസനൗകകളെ കവച്ചു വെക്കുന്ന സൗകര്യങ്ങളാണുള്ളത്. 48.5മീറ്റർ നീളം, 14.5 മീറ്റർ വീതി , മൂന്ന് നിലകൾ ഇതാണ് ഈ ഉല്ലാസയാനത്തിന്റെ പ്രത്യേകത. ഓഡിറ്റോറിയം, സ്വീകരണഹാൾ, ഭക്ഷണശാല, കുട്ടികൾക്കുള്ള കളിസ്ഥലം, 3ഡി തീയ്യറ്റർ, എന്നിവ 'നെഫർറ്റിറ്റി'യിൽ സജ്ജീകരിച്ചിരിക്കുന്നു . പൂർണ്ണമായും ശീതീകരിച്ച ഈ യാനം മീറ്റിംഗുകൾ, ആഘോഷങ്ങൾ തുടങ്ങിയവയ്ക്കും അനുയോജ്യമാണ്.

nefertiti

ആധുനിക കാലത്തെ എല്ലാ സുരക്ഷാ സംവിധാനങ്ങളും ഈ ഉല്ലാസ നൗകയിൽ ഒരുക്കിയിട്ടുണ്ട്. 250 ലൈഫ് ജാക്കറ്റുകൾ, 400 പേർക്ക് കയറാവുന്ന ലൈഫ് റാഫ്റ്റുകൾ, രണ്ട് ലൈഫ് ബോട്ടുകൾ തുടങ്ങിയ ജീവൻരക്ഷാ സൗകര്യങ്ങൾ ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ അത്യാധുനികവാർത്താവിനിമയ സംവിധാനവും ഘടിപ്പിച്ചിരിക്കുന്നു.


തീരത്തു നിന്നും 20 നോട്ടിക്കൽ മൈൽ പരിധിയിൽ ഇന്ത്യയിൽ എവിടേയും സർവ്വീസ് നടത്താൻ അനുമതിയുള്ള ഈ കപ്പൽ 16.14കോടി രൂപ ചെലവഴിച്ച് കേരള ഷിപ്പിംഗ് ആന്റ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷന്റെ നേതൃത്വത്തിലാണ് ഒരുക്കിയിരിക്കുന്നത്.