mahesh-dileep

കൊച്ചി: വനിതാ കൂട്ടായ്‌മയായ വിമെൻ ഇൻ സിനിമ കളക്‌ടീവിന്റ ആരോപണത്തിലും, അതിന് താരസംഘടനയായ അമ്മ നൽകിയ മറുപടിയിലുമെല്ലാം വിവാദങ്ങൾ തുടരവെ പുതിയ ചർച്ചയ്‌ക്ക് വഴിവച്ച് നടൻ മഹേഷ്. 'ഞങ്ങളുടെ സംഘടനയ്ക്ക് അഞ്ചര കോടി തന്ന ഒരാളോട് ഞങ്ങൾക്ക് വിധേയത്വം തോന്നുന്നതിൽ എന്താണ് തെറ്റെന്നായിരുന്നു മഹേഷിന്റെ ചോദ്യം. കഴിഞ്ഞ ദിവസം നടന്ന മാദ്ധ്യമ ചർച്ചയിലായിരുന്നു മഹേഷിന്റെ പരാമർശം. നടൻ ദിലീപ് നിർമ്മിച്ച 'ട്വന്റി 20' എന്ന ചിത്രത്തെ പരാമർശിച്ചായിരുന്നു മഹേഷ് ഇക്കാര്യം ഉന്നയിച്ചത്.

'ആരോപണം ഉന്നയിക്കുന്ന നടിമാരാരും സംഘടനയ്‌ക്ക് വേണ്ടി നിൽക്കുകയോ സഹകരിക്കുകയോ ചെയ്‌തിട്ടുളളവരല്ല. സംഘടനയുടെ ധനസമാഹരണ പ്രവർത്തനങ്ങളിൽ പോലും ഇവരാരും ഭാഗമായിട്ടില്ല. മാറിനിന്ന് കുറ്റംപറയുക മാത്രമല്ല വേണ്ടത്. ഞങ്ങളുടെ സംഘടനയ്ക്ക് അഞ്ചര കോടി തന്ന ഒരാളോട് ഞങ്ങൾക്ക് വിധേയത്വം തോന്നുന്നതിൽ നിങ്ങൾക്ക് തെറ്റുപറയാൻ കഴിയുമോ?' -മഹേഷ് ചോദിച്ചു. 'ഒരു സിനിമ നിർമ്മിച്ച്, അതിന്റെ ലാഭം വഴി, ഞങ്ങളുടെ സംഘടനയ്ക്‌ക് ഇത്രയധികം രൂപം തന്ന ഒരു മനുഷ്യനോട് ഞങ്ങൾക്ക് വിധേയത്വം തോന്നും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചർച്ചയിൽ നടി പാർവതിയും പങ്കെടുത്തിരുന്നു. സംഘടനയുടെ ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കാത്തതിനാൽ തങ്ങൾ ചോദ്യം ചോദിക്കാൻ പാടില്ലെന്നാണോയെന്നായിരുന്നു പാർവതിയുടെ മറു ചോദ്യം. പറഞ്ഞതു തന്നെ വീണ്ടും ആവർത്തിച്ച് തന്റെ സമയം നഷ്‌ടപ്പെടുത്താൻ താൽപ്പര്യമില്ലെന്ന് പറഞ്ഞ് അവർ ചർച്ച ബഹിഷ്‌കരിക്കുകയും ചെയ്‌തു.