rahul-gandhi

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി സിറ്റിംഗ് മണ്ഡലമായ യു.പിയിലെ അമേത്തിയെ കൂടാതെ ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തിൽ കൂടി മത്സരിക്കുമെന്ന് സൂചന. അത് കേരളത്തിലാകുമെന്നാണ് അഭ്യൂഹം. സുരക്ഷിത മണ്ഡലം എന്ന നിലയിൽ വയനാട് പരിഗണിച്ചേക്കുമെന്നാണ് അറിയുന്നത്. കേരളത്തിലെ ചില നേതാക്കൾ ഇതേക്കുറിച്ച് പറയുന്നുണ്ടെങ്കിലും നേതൃത്വം പക്ഷേ, സ്ഥിരീകരിക്കുന്നില്ല. ദക്ഷിണേന്ത്യയിൽ നിന്ന് രാഹുൽ മത്സരിക്കുകയാണെങ്കിൽ കർണാടകയിലെ ചില മണ്ഡലങ്ങളെയാവും പരിഗണിക്കുകയെന്നാണ് നെഹ്രു കുടുംബത്തിലെ കീഴ്വഴക്കങ്ങൾ നോക്കി പലരും കരുതുന്നത്. എന്നാൽ, കർണാടകയുടെയും തമിഴ്നാടിന്റെയും കേരളത്തിന്റെയും മദ്ധ്യഭാഗം എന്ന നിലയിൽ കേരളത്തിലെ വയനാട് മണ്ഡലത്തിൽ മത്സരിപ്പിക്കുന്നത് നന്നാകുമെന്ന അഭിപ്രായം കേരള നേതാക്കളിൽ ചിലർ പ്രകടിപ്പിച്ചെന്നാണറിയുന്നത്.

വയനാട് യു.ഡി.എഫിന്റെ പരമ്പരാഗത മണ്ഡലവും ഉറച്ച കോട്ടയുമായാണ് വിലയിരുത്തപ്പെടുന്നത്. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് എം.ഐ. ഷാനവാസ് ആണ് സിറ്റിംഗ് എം.പി. വർക്കിംഗ് പ്രസിഡന്റ് ആയ സ്ഥിതിക്ക് ഷാനവാസിന് വീണ്ടും സീറ്റ് ലഭിക്കാനിടയില്ല. പകരം എം.എം. ഹസൻ ഉൾപ്പെടെയുള്ളവരുടെ പേരുകൾ പറഞ്ഞുകേൾക്കുന്നുണ്ട്. അതിനിടയിലാണ് നാടകീയമായി രാഹുലിന്റെ പേര് പാർട്ടി വൃത്തങ്ങളിൽ സജീവ ചർച്ചയായിരിക്കുന്നത്. സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിലും ഡൽഹിയിലും ഇതുസംബന്ധിച്ച ചർച്ചകൾ പല തരത്തിൽ നടക്കുന്നുവെന്നാണ് പാർട്ടി വൃത്തങ്ങളിൽ പ്രചരിക്കുന്നത്. ഉത്തർപ്രദേശിലെ അമേത്തിയിൽ നിന്നുള്ള സിറ്റിംഗ് എം.പി ആയ രാഹുൽ ഗാന്ധി വീണ്ടും അവിടെ നിന്ന് തന്നെ ജനവിധി തേടും. വരുന്ന ദേശീയ തിരഞ്ഞെടുപ്പിൽ മോദിപ്രഭാവം മങ്ങി യു.പി.എയ്ക്ക് പ്രതീക്ഷ കൈവരികയും കോൺഗ്രസിന് മേൽക്കൈ ലഭിക്കുകയും ചെയ്താൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാണ് രാഹുൽ. അതുകൊണ്ട് കൂടിയാണ് ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തിൽ നിന്ന് കൂടി മത്സരിക്കണമെന്ന ചർച്ച സജീവമായത്. കോൺഗ്രസിന് ഏറെ പ്രതീക്ഷയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണ് കർണാടകയും കേരളവും. രാഹുലിന്റെ വരവ് പൊതുവിൽ പ്രതീക്ഷ കല്പിക്കുന്ന ദക്ഷിണേന്ത്യയിൽ, പാർട്ടിക്ക് പ്രചാരണരംഗത്ത് കൂടുതൽ സജീവത കൈവരുത്തുമെന്നും കരുതുന്നു. എന്നാൽ നേതൃത്വത്തിലെ ഒരു വിഭാഗം ഈ പ്രചാരണങ്ങളെ തള്ളുന്നുണ്ട്.

നേരത്തേ കർണാടകയിലെ ചിക്മംഗലുരുവിൽ രാഹുലിന്റെ മുത്തശി ഇന്ദിര ഗാന്ധിയും ബെല്ലാരിയിൽ അമ്മ സോണിയ ഗാന്ധിയും മത്സരിച്ചിട്ടുണ്ട്. നിലവിൽ സംവരണ മണ്ഡലമായ ബെല്ലാരിയിൽ ബി.ജെ.പിയിലെ പി. ശ്രീരാമുലു ആണ് എം.പി.