atm

കൊച്ചി/തൃപ്പൂണിത്തുറ: കൊച്ചിയിലും തൃശൂരിലും എ.ടി.എമ്മുകൾ കുത്തിത്തുറന്ന് 35 ലക്ഷം രൂപ കവർന്ന കേസിൽ പ്രതികളെക്കുറിച്ച് അവ്യക്തത തുടരവെ അന്വേഷണം ഫോൺ കോളുകൾ കേന്ദ്രീകരിച്ച്. കവർച്ച നടന്ന സമയത്ത് എ.ടി.എമ്മിന് സമീപത്തെ മൊബൈൽ ടവറുകളിലൂടെ പോയ എല്ലാ കോളുകളും പൊലീസ് പരിശോധിച്ച് വരികയാണ്. ഇതിനായി മലപ്പുറം എസ്.പിയുടെ കീഴിലുള്ള സൈബർ സെല്ലിന്റെ സഹായം തേടിയിരിക്കുകയാണ് അന്വേഷണസംഘം. കവർച്ച നടന്ന പുലർച്ചെ ഒന്നരയ്ക്കും നാലരയ്ക്കും ഇടയിൽ സാധാരണ ഫോൺ കോളുകൾ കുറവാണെന്നതും ഈ സമയത്ത് ഒന്നിലധികം കോളുകൾ നടത്തിയ സംശയാസ്പദമായ എല്ലാം ഫോൺ നമ്പറുകളും സൈബർ സെൽ പരിശോധിച്ച് വരികയാണ്. പ്രതികളെ ഉടൻ കുടുക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അന്വേഷണസംഘം അറിയിച്ചു. കൊരട്ടി എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

കവർച്ചയ്ക്ക് പിന്നിൽ ഇതരസംസ്ഥാനക്കാരായ മൂന്ന് പേരാണെന്ന പ്രാഥമിക നിഗമനത്തിൽ തന്നെ ഉറച്ചുനിൽക്കുകയാണ് അന്വേഷണസംഘം. ചാലക്കുടിയിൽ റെയിൽവേ സ്റ്റേഷനടുത്തുള്ള വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ പതിഞ്ഞ ഹൈദരാബാദുകാരായ ഏഴംഗ സംഘത്തിന് എ.ടി.എം കവർച്ചയുമായി ബന്ധമുണ്ടോ എന്നും ഉറപ്പിക്കാനായിട്ടില്ല. മുങ്ങിയ പ്രതികൾ ഏത് സംസ്ഥാനക്കാരാണ് എന്നത് ഇനിയും വ്യക്തമല്ല. പ്രതികൾ ഉണ്ടാകാനിടയുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പ്രത്യേക സ്‌ക്വാഡുകളെയും നിയോഗിച്ചിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളിലേക്ക് അന്വേഷണ സംഘങ്ങളെ അയക്കുന്നത് സംബന്ധിച്ച് പിന്നീട് തീരുമാനിക്കും. സി.സി.ടി.വി ദൃശ്യങ്ങളിൽ പതിഞ്ഞ കവർച്ചക്കാരെ തിരിച്ചറിയുന്നതിനായി മറ്റു സംസ്ഥാനങ്ങളിലെ പൊലീസിന്റെയും സഹായം തേടിയിട്ടുണ്ട്.

മൂന്നംഗസംഘം കോട്ടയത്ത് നഗരത്തിൽ തങ്ങിയെന്ന് സംശയിക്കപ്പെടുന്ന ലോഡ്ജുകളിൽ കഴിഞ്ഞ ദിവസം അന്വേഷണ സംഘമെത്തി വിവരങ്ങൾ ശേഖരിച്ചു. കോട്ടയം, കുറുപ്പന്തറ, ആപ്പാഞ്ചിറ, വെള്ളൂർ, ചിങ്ങവനം, ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനുകളിലെയും ലോഡ്ജുകളിലെയും ഹോട്ടലുകളിലെയും സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചു.
സംശയം തോന്നിയ ഹോട്ടലുകളിൽനിന്നുള്ള രേഖകളും സി.സി.ടി.വി. ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്. ഒരു വർഷം മുമ്പ് അങ്കമാലിയിൽ സി.ഡി.എം കൗണ്ടർ കൊള്ളയടിച്ച കേസിലുൾപ്പെട്ട ബിഹാർ സ്വദേശികളിൽ ഒരാളെയും പൊലീസ് തിരയുന്നുണ്ട്.ഇയാൾ ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങിയിരുന്നു. കവർച്ചക്കാരിൽ ഒരാളുമായി ഇയാൾക്കുള്ള മുഖസാദൃശ്യമാണ് കൊരട്ടി പൊലീസ് പരിശോധിക്കുന്നത്.

കോട്ടയത്തും അന്വേഷണം
എ.ടി.എം കവർച്ചാ സംഘത്തിനെക്കുറിച്ചുള്ള വിവരത്തിനായി കോട്ടയത്തും പരിസര പ്രദേശങ്ങളിലും പൊലീസ് പതിനായിരത്തിലേറെ പേരുടെ വിവരങ്ങൾ ശേഖരിച്ചിട്ടും അരിച്ചുപെറുക്കിയിട്ടും ഒരു തുമ്പും കിട്ടിയില്ല. ബസിൽ കോട്ടയത്തെത്തിയ സംഘം നഗരത്തിൽ തങ്ങിയെന്ന സൂചനകളെ തുടർന്ന് ബസുകളിലും റെയിൽവേ സ്റ്റേഷനുകളിലും ലോഡ്ജുകളിലും പൊലീസ് പരിശോധന നടത്തി. കോട്ടയം, ചങ്ങനാശേരി, ചിങ്ങവനം, കുറുപ്പന്തറ, വെള്ളൂർ എന്നീ റെയിൽവേ സ്റ്റേഷനുകളിലെ സി.സി ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. സംശയം തോന്നിയ വിവിധ ലോഡ്ജുകളിലും പൊലീസ് വിശദമായി പരിശോധന നടത്തി. ഇതരസംസ്ഥാന തൊഴിലാളികൾ കൂടുതലായെത്തുന്ന പ്രദേശങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. മോഷണത്തിന് ഇവിടെയുള്ള ആരെങ്കിലും സഹായിച്ചിട്ടുണ്ടോയെന്ന് അറിയാനാണിത്. ഏഴ് പേരടങ്ങുന്ന കവർച്ചാ സംഘത്തിലെ മൂന്ന് പേരാണ് കോട്ടയത്തെത്തിയത്. കോടിമാതായിൽ നിന്ന് മോഷണം പോയ പിക്കപ്പ് വാനിലെയും എ.ടി.എം കൗണ്ടറിലെയും വിരലടയാളം ഒന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട് . ഇതല്ലാതെ ഇവർ മറ്റേതെങ്കിലും വാഹനം ഉപയോഗിച്ചിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.