സ്തനങ്ങൾ പുറമെ കാണപ്പെടുന്ന ഒരു ശാരീര ഭാഗം ആയതിനാൽ കൃത്യമായ സ്വയം പരിശോധനയിലൂടെ ചെറിയ മാറ്റം പോലും കണ്ടെത്താൻ കഴിയും. ആരംഭത്തിലേ കണ്ടുപിടിച്ചാൽ നൂറു ശതമാനവും ഭേദമാക്കാൻ കഴിയും.
മാസമുറ ഉള്ളവർ അതു കഴിഞ്ഞാലുടനെയും അല്ലാത്തവർ ഒരു മാസത്തോളം വരുന്ന കൃത്യമായ ഇടവേളകളിലും സ്വയം പരിശോധിക്കുക. ആർത്തവത്തിനു മുൻപുള്ള 10 മുതൽ 15 വരെ ദിവസങ്ങളിൽ മാറിൽ തടിപ്പോ കട്ടിയോ വേദനയോ വരുന്നത് സ്വാഭാവികമാണ്.
ഈ സമയത്തു മാത്രം ഉണ്ടാകുന്ന ചിലതരം ഹോർമോണിന്റെ പ്രവർത്തനഫലമായി ശരീരത്തിൽ പ്രത്യേകിച്ചും മാറിടങ്ങളിൽ വെള്ളം കൂടുതലായി കെട്ടിനിൽക്കാൻ ഇടയാകുന്നു. അതുകൊണ്ടാണ് ചെറിയ വേദനയോടുകൂടി കട്ടിയായി അനുഭവപ്പെടുന്നതും.
തുടക്കത്തിൽ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ചെറിയ വേദനരഹിതമായ തടിപ്പ് മാത്രമായിട്ടായിരിക്കും അനുഭവപ്പെടുന്നത്. വേദനയില്ലാ എന്ന കാരണത്താൽ പരിശോധനയിലൂടെ മാത്രമേ അറിയാൻ കഴിയുകയുള്ളൂ. വളരെ ക്ഷമയോടുകൂടി മാറിന്റെ എല്ലാ ഭാഗങ്ങളും കക്ഷവും പരിശോധിക്കണം. സ്വന്തം ശരീരത്തിൽ ഇന്നലെ വരെ ഇല്ലാത്ത ഒരു വ്യത്യാസം കണ്ടുപിടിക്കാൻ കഴിയുന്നത് ഒരു ഡോക്ടറെക്കാളും സ്വയം പരിശോധകർക്ക് തന്നെയാണ്.
കൈപ്പത്തിയുടെ പ്രതലം ഉപയോഗിച്ച് മാറിടത്തിന്റെ ഓരോ ഭാഗവും തടവി നോക്കണം. കിടന്നുകൊണ്ടോ, നിൽക്കുന്ന അവസ്ഥയിലോ പരിശോധന ആകാം.
കണ്ണാടിയുടെ മുന്നിൽ നിന്ന്, മാറുകൾക്ക് വലിപ്പ വ്യത്യാസം, നിറവ്യത്യാസം, മുലക്കണ്ണുകൾക്ക് ഉൾവലിച്ചിൽ, പ്രകടമായ മുഴകൾ എന്നിവ ഉണ്ടോ എന്ന് പരിശോധിച്ചശേഷം പരിശോധനയിൽ സംശയം തോന്നിയാൽ ഡോക്ടറെ സമീപിക്കുക. സംശയം തോന്നിയ ഭാഗം ഡോക്ടർക്ക് തൊട്ടുകാണിച്ചുകൊടുക്കുക. (തുടരും)
ഡോ. എസ്. പ്രമീളാദേവി
കൺസൽട്ടന്റ് സർജൻ
എസ്.യു.ടി ഹോസ്പിറ്റൽ
പട്ടം, തിരുവനന്തപുരം
ഫോൺ: 0471 4077888