കൊച്ചി: ഏറെ കോളിളക്കം സൃഷ്ടിച്ച ചേകന്നൂർ മൗലവി വധക്കേസിലെ ഒന്നാം പ്രതി പി.വി.ഹംസയെ ഹൈക്കോടതി വെറുതെ വിട്ടു. ചേകന്നൂർ മൗലവി മരിച്ചതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി. കേസിൽ ഹംസയ്ക്ക് സി.ബി.ഐ കോടതി ഇരട്ടജീവപര്യന്തം വിധിച്ചിരുന്നു.കോർപസ് ഡെലിക്ടി സിദ്ധാന്തം അനുസരിച്ചാണ് ഹംസയെ വെറുതെ വിട്ടത്. ഒരു വ്യക്തി മരിച്ചുകഴിഞ്ഞാൽ മൃതദേഹം കണ്ടെടുക്കുകയോ അല്ലെങ്കിൽ മൃതദേഹം കണ്ടെടുക്കാൻ കഴിയാത്ത സാഹചര്യമോ, മരിച്ചെന്നതിന് വ്യക്തമായ തെളിവുകളോ കണ്ടെത്തണം. . എന്നാൽ അന്വേഷണ സംഘം ഇക്കാര്യത്തിൽ പരാജയപ്പെട്ടതായി ഹൈക്കോടതി കണ്ടെത്തി.
1993 ജൂലായ് 29ന് മതപ്രഭാഷണത്തിന് ക്ഷണിക്കാനെന്ന പേരിൽ എത്തിയ സംഘം ചേകന്നൂർ മൗലവിയെ വീട്ടിൽ നിന്നും കൂട്ടികൊണ്ട് പോവുകയായിരുന്നു. പിന്നീട് മൗലവിയെ കാണാതായി. കുടുംബവും സഹപ്രവർത്തകരും മൗലവിയുടെ തിരോധാനത്തിൽ ദുരൂഹത ആരോപിച്ചതിനെ തുടർന്ന് പൊലീസ് കേസെടുത്തു. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് സി.ബി.ഐയ്ക്ക് കൈമാറി. കൊലപാതകം തെളിയിക്കാനായെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. പത്ത് പേരെ പ്രതി ചേർത്ത കേസിൽ ശിക്ഷ ലഭിച്ചത് ഹംസയ്ക്ക് മാത്രമാണ്.