പരമേശ്വരന്റെ മുഖത്ത് ഭീതി ഒരു വലയം തീർത്തു.
എന്തോ പറയാനായി അയാൾ ചുണ്ടനക്കിയെങ്കിലും ശബ്ദം പുറത്തുവന്നില്ല.
''ഇവനിത്തിരി വെള്ളം കൊടുക്ക്.' സാജൻ അനുചരരെ നോക്കി.
ഒരാൾ, ബക്കാർഡി മിക്സ് ചെയ്ത കോള കൊണ്ടുവന്നു.
പരമേശ്വരന്റെ കവിളിൽ കുത്തിപ്പിടിച്ചുകൊണ്ട് കന്നുകാലികൾക്കു മരുന്നു കൊടുക്കുന്നതുപോലെ അയാളെ കുടിപ്പിച്ചു.
തുപ്പിക്കളയാനുള്ള പരമേശ്വരന്റെ ശ്രമം വിഫലമായി.
''എന്നെ.... എന്നെ ഒന്നഴിച്ചുവിടാമോ?'
ഏതോ ഗുഹയിൽ നിന്നെന്നവണ്ണം പരമേശ്വരന്റെ പതറിയ ഒച്ച.
മറ്റുള്ളവർ പൊട്ടിച്ചിരിച്ചു.
''കണ്ടോ.. ശരിക്കുള്ള മരുന്നു ചെന്നപ്പോൾ കിഴവൻ ശബ്ദിച്ചത്.'
തന്റെ അസ്ഥികൾ കൂട്ടിക്കുരുങ്ങി പരസ്പരം ഉരയുന്നതുപോലെ തോന്നി പരമേശ്വരന്.
സാജൻ തിരിഞ്ഞ് കൂട്ടാളികൾക്ക് കണ്ണുകൊണ്ടൊരു സംജ്ഞ നൽകി.
അവർ കയർ അഴിച്ചു.
ചക്ക വീഴുന്നതുപോലെ പരമേശ്വരൻ തറയിൽ വീണു.
''അയ്യോ...' ഒരു നിലവിളി.
''ദേ. ശബ്ദം കൂടുതൽ പൊങ്ങരുതു കേട്ടോ... അങ്ങനെ ഉണ്ടാവില്ലെന്ന വിശ്വാസത്തിലാ തന്റെ അണ്ണാക്കിൽ ഞങ്ങൾ അറക്കപ്പൊടി തള്ളിക്കേറ്റാത്തത്...'
മദ്യം വാങ്ങിക്കൊണ്ടു വന്നവന്റെ മുന്നറിയിപ്പ്.
''എന്തിനാ എന്നെയിങ്ങനെ കൊല്ലാക്കൊല ചെയ്യുന്നത്? നിങ്ങളെക്കുറിച്ച് ഞാൻ ആരോടും ഒന്നും പറഞ്ഞില്ലല്ലോ...'
പരമേശ്വരൻ വല്ല വിധേനയും എഴുന്നേറ്റിരുന്നു.
''എനിക്ക് നിങ്ങളെ അറിയുകപോലുമില്ല...'
''ഓ. പിന്നേ...' സാജൻ പുച്ഛിച്ചു.
''അറിയുമായിരുന്നെങ്കിൽ താൻ ഞങ്ങളെ ഊഞ്ഞാലിൽ ഇരുത്തി ആട്ടിയേനെ... ഒന്നു പോടോ. ഇപ്പഴും താൻ ജീവനോടിരിക്കുന്നത് ഞങ്ങടെ ഔദാര്യം ഒന്നുകൊണ്ടു മാത്രമാ...'
''ഞാൻ... ഞാനെന്തു വേണമെന്നാ നിങ്ങള് പറയുന്നത്?'
അയാൾ ഓരോരുത്തരെയും ദയനീയമായി മാറി മാറി നോക്കി.
ഇരുൾ വീണതിനാൽ ആരുടെയും മുഖം വ്യക്തമല്ല.
ഒരാൾ ഒരു മെഴുകുതിരി കത്തിച്ച് പരമേശ്വരന്റെ മുന്നിൽ വച്ചു. എന്നിട്ടറിയിച്ചു:
''ഇത് തന്റെ തലയ്ക്കൽ വയ്ക്കാൻ ഇടവരുത്തരുത്.'
സാജൻ, പരമേശ്വരന്റെ മുന്നിൽ കുന്തിച്ചിരുന്ന് ആ മുഖത്തേക്കു സൂക്ഷിച്ചു നോക്കി.
''നീ ചെയ്യേണ്ടത് ഇത്രമാത്രം. ഞങ്ങൾ ചില പേരുകൾ പറയും. അവരാണ് ആ ചെറുക്കന്റെ പള്ളയ്ക്കു കുത്തിക്കേറ്റിയതെന്ന് പോലീസിനു മൊഴികൊടുക്കണം. സംഭവം ഉണ്ടായതിന്റെ കാരണം തൊലഞ്ഞു പോയ ചെറുക്കൻ എതിർ പാർട്ടിക്കാരുടെ പോസ്റ്ററുകളും ബാനറുകളും വലിച്ചുകീറിയതാണ്. എന്താ താൻ അങ്ങനെ പറയുമല്ലോ. അല്ലേ?'
പരമേശ്വരൻ ഒരു നിമിഷം കണ്ണടച്ചിരുന്നു.
അയാളുടെ മനസ്സിൽ സത്യന്റെ മുഖം തെളിഞ്ഞു. തന്റെ ഇല്ലായ്മകൾ മനസ്സിലാക്കി ഒരുപാടു തവണ സഹായിച്ചിരുന്നു അവൻ. പണമായിട്ടും അല്ലാതെയും...
വിശേഷാവസരങ്ങളിൽ പുത്തൻ വസ്ത്രങ്ങൾ വാങ്ങി തന്നിട്ടുണ്ട്.
തന്റെ മകൾ പ്രസവാവശ്യത്തിന് വീട്ടിൽ വന്നു നിൽക്കുന്നു എന്നറിഞ്ഞ് കഴിഞ്ഞ ദിവസവും തന്നു രണ്ടായിരം രൂപ...
പരമേശ്വരന്റെ അടഞ്ഞ കൺപോളകളെ പിളർത്തി നനവിന്റെ രണ്ടു വരകൾ കവിളിലേക്കു വന്നു.
സാജൻ അതു കണ്ടു. അയാളുടെ പല്ലുകൾ ഒന്നു ഞെരിഞ്ഞു. കൈ നീട്ടി പരമേശ്വരന്റെ താടിയിൽ ഒന്നു തട്ടി.
''ദേ. സെന്റിയടിച്ചിരിക്കാനുള്ള നേരമില്ല ഞങ്ങൾക്ക്. തനിക്ക് പറ്റുമോ ഇല്ലയോ... അത് മാത്രം പറഞ്ഞാൽ മതി.
പരമേശ്വരൻ കണ്ണുകൾ തുറന്നു. അവിടെ അതുവരെ ഇല്ലാതിരുന്ന ഒരു തിളക്കം സാജൻ അറിഞ്ഞു.
പരമേശ്വരന്റെ ചുണ്ടുകൾ വിറച്ചു.
''ചെറുപ്രായത്തിലേ ആ കുട്ടിയുടെ ജീവനെടുത്തിട്ട് നിങ്ങൾ എന്തു നേടി മക്കളേ?'
''പ്ഭ.' ഒറ്റ ആട്ടായിരുന്നു സാജൻ.' മക്കളോ... താൻ കൂടുതലങ്ങ് ചൊറിഞ്ഞോണ്ടു വരല്ലേ... തനിക്കു പറ്റത്തില്ലെന്നു പറഞ്ഞാൽ ഞങ്ങടെ ജോലി എളുപ്പമായി. അത്രമാത്രം. പറയെടോ...'
പരമേശ്വരന്റെ മുഖം കല്പിച്ചു.
''നിങ്ങൾ എന്നെ കൊന്നാലും നന്ദികേടു കാണിക്കത്തില്ല ഞാൻ.'
സാജൻ ചാടിയെഴുന്നേറ്റു. പിന്നെ ഒറ്റ ചവുട്ട്. പരമേശ്വരന്റെ നെഞ്ചിൽ...
അമർത്തിയ നിലവിളിയോടെ അയാൾ പഴന്തുണിക്കെട്ടുപോലെ പിറകിലേക്കു മലർന്നുവീണു.
ടയർ സാജന്റെ കണ്ണുകളിൽ തീയാളി. അയാൾ വെട്ടിത്തിരിഞ്ഞു.
'എടുക്കിനെടാ ഒരു കുഴി. ഇവിടെത്തന്നെ ... ഇവനെ ജീവനോടെ നമ്മൾ കുഴിച്ചുമൂടുന്നു...'
അതുകേട്ട് പരമേശ്വരൻ വിറച്ചുപോയി. (തുടരും)