കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത് ആശങ്കപ്പെടുത്തുന്നതായി സിസ്റ്റർ അനുപമ പറഞ്ഞു. ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ജംഗ്ഷനിൽ നടത്തിയ സമരത്തിന്റെ മുൻനിരയിൽ സിസ്റ്റർ അനുപമയും ഉണ്ടായിരുന്നു.
കേരളത്തിന് പുറത്തായാലും ബിഷപ്പ് അപകടകാരിയാണ്. ചെയ്യാനുള്ളത് എവിടെയിരുന്നും ബിഷപ്പ് ചെയ്യും. താനടക്കമുള്ള കന്യാസ്ത്രീകളുടെ ജീവന് ഭീഷണിയുണ്ടെന്നും അനുപമ പറഞ്ഞു. നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും അവർ കൂട്ടിച്ചേർത്തു.
ഉപാധികളോടെയാണ് ബിഷപ്പിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേരളത്തിൽ പ്രവേശിക്കരുത്, പാസ്‌പോർട്ട് കോടതിയിൽ ഹാജരാകണം, രണ്ടാഴ്ചയിലൊരിക്കൽ അന്വേഷണോദ്യോഗസ്ഥന് മുന്പാകെ ഹാജരാകണം എന്നീ വ്യവസ്ഥകളോടെയാണ് ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.