തിരുവനന്തപുരം: ചിറയിൻകീഴ് ശാർക്കര ദേവീക്ഷേത്രത്തിലെ പ്രശസ്‌തമായ കാളീയൂട്ട് നടത്താൻ അവകാശപ്പെട്ട പൊന്നറ വീട്ടിൽ ബിജു (46) അന്തരിച്ചു. കരൾബാധ രോഗയെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. കാളിയൂട്ട് ചടങ്ങുകൾ നടത്താൻ അവകാശമുള്ള പൊന്നറ കുടുംബത്തിലെ നാണുവാശാന്റെ മകനാണ്. ബിജു.
കാളിയൂട്ടിലെ പ്രധാന ചടങ്ങായ നിലത്തിൽ പോരിൽ കഴിഞ്ഞ 18 വർഷമായി ഭദ്രകാളിയായി പകർന്നാടിയത് ബിജുവായിരുന്നു. ദേവിയായുള്ള ബിജുവിന്റെ പകർന്നാട്ടം അക്ഷരാർത്ഥത്തിൽ കാണികളുടെ മനസിലും ശരീരത്തിലും ഭക്തിയുടെ വേലിയേറ്റങ്ങൾ തീർത്തിരുന്നു. പോയ വർഷത്തിലും ബിജു തന്നെയാണ് കാളിവേഷം അവതരിപ്പിച്ചത്.
ഷീജയാണ് ഭാര്യ. ആദിത്യൻ, ആര്യ എന്നിവരാണ് മക്കൾ. സംസ്‌കാരം ഇന്ന് വീട്ടുവളപ്പിൽ നടക്കും.