atm

തിരുവനന്തപുരം: കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും എ.ടി.എം കൊള്ള നടത്തുന്നത് ഉത്തരേന്ത്യയിലെ ചില ഗ്രാമങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രൊഫഷണൽ സംഘങ്ങളെന്ന് സൂചന. എ.ടി.എം കവർച്ചകളിലെ സമാനതകളിൽ നിന്നാണ് ഇത് വ്യക്തമാകുന്നതെന്ന് പൊലീസ് പറയുന്നു. രാജസ്ഥാനിലെ ആൾവാർ, ഹരിയാനയിലെ മേവാദ് തുടങ്ങിയ പ്രദേശങ്ങളിലെ 'ചോ‌ർ ഗാവുകളിൽ' (കള്ളന്മാരുടെ ഗ്രാമം) നിന്നുള്ളവരാണ് ഇവർ. കഴിഞ്ഞ ദിവസം എറണാകുളത്തും തൃശൂരിലും എ.ടി.എം തകർത്ത് കവർച്ച നടത്തിയത് ഉത്തരേന്ത്യൻ സംഘമാണെന്ന് പൊലീസ് സംശയിക്കുന്നു. എന്നാൽ, അവർ ഈ ഗ്രാമങ്ങളിലുള്ളവരാണോ എന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

ഗ്യാസ് കട്ടറുപയോഗിച്ച് എ.ടി.എം മെഷീനുകൾ തകർത്ത് പണം കൊള്ളയടിക്കുന്നതാണ് ഇവരുടെ രീതി. വടക്കേ ഇന്ത്യയിൽ എ.ടി.എം കവർച്ച പതിവായതോടെ അന്വേഷണം ശക്തമാക്കി. അതോടെയാണ് കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ എ.ടി.എമ്മുകളെ ഇവർ നോട്ടമിട്ടതെന്നാണ് സംശയം.

പല സംഘങ്ങളായി തിരിഞ്ഞ് കൊള്ള നടത്തിയ ശേഷം തങ്ങളുടെ ഗ്രാമങ്ങളിലെ താവളങ്ങളിൽ തമ്പടിക്കുന്ന പ്രകൃതക്കാരാണ് ഇവർ. ഒറ്റപ്പെട്ട സ്ഥലത്തെ എ.ടി.എം കൗണ്ടറുകൾ നിരീക്ഷിച്ചശേഷം തികഞ്ഞ ആസൂത്രണത്തിനും പരിശീലനത്തിനുംശേഷമാണ് ഇവർ കവർച്ചക്കിറങ്ങുക. പഴയ ഗ്യാസ് കട്ടറുകൾ വിലയ്ക്ക് വാങ്ങുന്ന സംഘം മോഷ്ടിച്ച വാഹനങ്ങളിൽ പുലർച്ചെയാണ് കവർച്ച നടത്തുക.

ഉപയോഗിച്ച വാഹനവും ഗ്യാസ് കട്ടറുമെല്ലാം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഉപേക്ഷിക്കും. മൊബൈൽ ഫോൺ ഉപയോഗിക്കാതെ ട്രെയിനുകളും ബസുകളും മാറിമാറിയാകും സഞ്ചാരം. ഇവരുടെ സങ്കേതങ്ങളായ ഗ്രാമങ്ങളിൽ ചെന്ന് പിടികൂടുക എളുപ്പമല്ല. കഴക്കൂട്ടത്തും മാവേലിക്കരയുമുൾപ്പെടെ ഏതാനും മാസങ്ങൾക്ക് മുമ്പ് നടന്ന കവർച്ചയിൽ മുഖ്യസൂത്രധാരനായ ഡൽഹി മലയാളിയായ സുരേഷിനെ പൊലീസ് പിടികൂടിയെങ്കിലും കൂട്ടു പ്രതികളെയോ കവർച്ച ചെയ്ത പണമോ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല.

സുരക്ഷാ വീഴ്ചകൾ മുതലെടുത്താണ് എ.ടി.എമ്മിൽ നിന്ന് കൊള്ളക്കാർ പണം കവർച്ച ചെയ്യുന്നത്. മുമ്പ് എ.ടി.എം കാർഡ് ഉപയോഗിച്ചേ കൗണ്ടറുകളുടെ വാതിലുകൾ തുറക്കാൻ കഴിയുമായിരുന്നുള്ളൂ. ഇപ്പോൾ മിക്കവയും സദാ തുറന്ന നിലയിലാണ്. മിക്ക എ.ടി.എമ്മുകൾക്കും സുരക്ഷാ ജീവനക്കാരില്ല. സി.സി ടി.വി കാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കവർച്ച തടയാൻ ഇവ പര്യാപ്തമല്ലെന്നാണ് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നത്. അലാം സംവിധാനം ഉണ്ടെങ്കിലും ചിലയിടങ്ങളിലെങ്കിലും തകരാറിലാണത്രേ. മെഷീന്റെ മുൻവശത്തല്ലാതെ പിന്നിലോ വശങ്ങളിലോ ആളനക്കമോ നിഴലിന്റെ സാന്നിദ്ധ്യമോ ഉണ്ടായാൽ തിരിച്ചറിഞ്ഞ് കൺട്രോൾ റൂമിലേക്ക് സന്ദേശം നൽകാൻ ഫെൻസിംഗ് സോഫ്റ്റ് വെയർ ഉണ്ട്. എന്നാൽ, ഇതിനെ മറികടക്കാനുള്ള സംവിധാനങ്ങളുമായാണ് കവർച്ചക്കാർ എത്തുക.

പൊളിക്കുന്നത് പഴയ മെഷീൻ

പഴയ മോഡൽ എ.ടി.എം മെഷീനുകൾ തെരഞ്ഞുപിടിച്ചാണ് പലപ്പോഴും കവർച്ച നടക്കുക. പുതിയവയിൽ ഗ്യാസ് കട്ടറുപയോഗിച്ചാൽ ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന കറൻസികൾ കത്തിപോകുന്ന തരത്തിലാണ് സംവിധാനം. ഇൻഷ്വറൻസ് ഉള്ളതിനാൽ ബാങ്കുകൾക്ക് നഷ്ടമുണ്ടാവില്ല.

കവർച്ച തടയാൻ

എ.ടി.എം മെഷീന്റെ പവർ കണക്ഷനുകളും സെർവറിന്റെ വയറുകളുമൊന്നും പുറത്ത് കാണാത്ത വിധം മോണിട്ടറും കീ പാഡും ക്യാഷ് ഡിസ്പൻസറും മാത്രം ഉപയോഗിക്കത്തക്ക വിധത്തിൽ സ്ഥാപിക്കണം. എ.ടി.എം കൗണ്ടറിന്റെ നാലുവശവും സുതാര്യമായി കാണത്തക്കവിധം പ്രകാശമാനമാക്കണം. മുഴുവൻ സമയ സിസി ടിവി നിരീക്ഷണവും സെക്യൂരിറ്റി ബന്തവസും ഉറപ്പാക്കണം. എ.ടി.എം കൗണ്ടറും ഉപകരണങ്ങളും കൃത്യമായി മെയിന്റനൻസ് നടത്തി പ്രവർത്തന സജ്ജമാക്കണം.

മനോജ് എബ്രഹാം ,

ദക്ഷിണമേഖല ഐ. ജി