കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് താരസംഘടനയായ 'അമ്മ'യുടെ ഭാരവാഹികളെ അധിക്ഷേപിച്ച ഡബ്ല്യു.സി.സി അംഗങ്ങളായ രേവതി, പാർവതി, പദ്മപ്രിയ എന്നിവർക്കെതിരെ നടപടിയെടുക്കുമെന്ന് സെക്രട്ടറി സിദ്ധിഖ് പറഞ്ഞു. ഇക്കാര്യം അടുത്ത ജനറൽ ബോഡി തീരുമാനിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അവർ കൂടി അംഗങ്ങളായുള്ള സംഘടനയിൽ ഇരുന്നുകൊണ്ട് ഭാരവാഹികൾക്കെതിരെ പരസ്യമായി ആക്ഷേപം ഉന്നയിച്ചാൽ അവരെ വച്ചോണ്ട് ഇരിക്കാനാകുമോ? അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കുന്നവർക്കെതിരെ നടപടിയെടുക്കുക തന്നെ വേണം. രേവതി ഉന്നയിച്ചത് അത്തരമൊരു ആരോപണമാണ്. ആരെയെങ്കിലും തേജോവധം ചെയ്യാനാണ് രേവതിയുടെ ശ്രമമെങ്കിൽ നടപടിയെടുക്കും.
അമ്മയിൽ നിന്ന് രാജിവച്ചവരെ ഒരു കാരണവശാലും തിരച്ചെടുക്കില്ല. എന്ത് കാരണം പറഞ്ഞാണ് അവർ രാജിവച്ചത്. രാജിവച്ചവർ നിരുപാധികം മാപ്പു പറഞ്ഞാൽ തിരിച്ചെ
ടുക്കുന്ന കാര്യം ആലോചിക്കും. മാദ്ധ്യമങ്ങളിലൂടെ ഭാരവാഹികൾക്കെതിരെ ആരോപണം ഉന്നയിച്ചവർക്കെതിരെ നടപടിയെടുക്കുന്നത് ജൂണിൽ ചേരുന്ന ജനറൽ ബോഡി തീരുമാനിക്കും.