ന്യൂഡൽഹി : പാക് ഭീകരരിൽ നിന്നും പണം വാങ്ങി ഹരിയാനയിൽ പള്ളി നിർമ്മിച്ചുവെന്ന് എൻ.ഐ.എ. ഹരിയാനയിലെ പൽവാൽ ജില്ലയിലാണ് പാകിസ്ഥാനിലെ ഭീകര സംഘടനയായ ലഷ്‌കർ ഇ തോയ്ബയുടെ പണം പള്ളി നിർമ്മിക്കാൻ ഉപയോഗിച്ചത്. മുംബൈ ആക്രമണത്തിലടക്കം പങ്കുണ്ടെന്ന് ഇന്ത്യ കണ്ടെത്തിയ പാക് ഭീകരൻ ഹാഫിസ് സെയിദ് തലവനായ സംഘടനയാണ് പള്ളി നിർമ്മാണത്തിന് സഹായിച്ചത്. രാജ്യവിരുദ്ധ ശക്തികളിൽ നിന്നും പണം കൈപ്പറ്റിയതിന് കഴിഞ്ഞ മാസം മൂന്ന് പേരെ എൻ.ഐ.എ അറസ്റ്റ് ചെയ്തിരുന്നു. ഉദ്ദേശം എഴുപത് ലക്ഷം രൂപയാണ് ഈ സംഘടന പള്ളി നിർമ്മാണത്തിനെന്ന പേരിൽ നൽകിയത്. ഫണ്ട് കൈമാറ്റത്തിനായി പള്ളി ഇമാം ദുബായിലേക്ക് യാത്ര ചെയ്തിരുന്നെന്നും അന്വേഷണ ഏജൻസി കണ്ടെത്തിയിരുന്നു.
എന്നാൽ ഏതൊക്കെ ആവശ്യത്തിനായിട്ടാണ് ഈ പണം വിനിയോഗിച്ചതെന്ന് അന്വേഷിക്കുകയാണ് ഇപ്പോൾ. പത്തേക്കറോളം ഭൂമിയാണ് പള്ളി നിർമ്മാണത്തിനായി ഹരിയാനയിലെ ഉത്തവാർ ഗ്രാമത്തിൽ ഏറ്റെടുത്തിട്ടുള്ളത്. ഈ ഭൂമി ഗ്രാമവാസികൾ ഇഷ്ടദാനം നൽകിയെന്നാണ് രേഖയിൽ ഉണ്ടായിരുന്നത്.