sreedharan-pillai

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ 24 മണിക്കൂറിനകം പ്രശ്നം പരിഹരിച്ചില്ലെങ്കിൽ പുതിയ സമരവുമായി മുന്നോട്ട് പോകുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു. വിശ്വാസ സംരക്ഷണത്തിനായുള്ള സമാധാനപരമായ സഹനസമരമാണിത്. ജനങ്ങളുടെ ഈ മലവെള്ളപ്പാച്ചിലിൽ നിരീശ്വരവാദികളും മുഖ്യമന്ത്രിയും ഒലിച്ച് പോകുമെന്നും ശ്രീധരൻപിള്ള പറഞ്ഞു. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനസർക്കാർ നിലപാടിനെതിരെ എൻ.ഡി.എയുടെ നേതൃത്വത്തിൽ പന്തളത്ത് നിന്നാരംഭിച്ച വിശ്വാസ സംരക്ഷണയാത്രയുടെ സമാപനസമ്മേളനത്തിൽ സ്വീകരണമേറ്റ് വാങ്ങി സംസാരിക്കുകയായിരുന്നു ജാഥാ ക്യാപ്റ്റനായ ശ്രീധരൻ പിള്ള.

വിശ്വാസികളുടെ നിലപാടിന് മറുപടി പറയാൻ ഗതികെട്ട് സി.പി.എം നിർബന്ധിതരായിരിക്കുകയാണ്. വിശ്വാസം അട്ടിമറിക്കാനുള്ള നീക്കങ്ങൾക്കെതിരെയാണ് ലക്ഷക്കണക്കിന് വിശ്വാസികൾ പത്തനംതിട്ടയിൽ തെരുവിലിറങ്ങിയത്. ഞങ്ങളാരും ഇതിൽ രാഷ്ട്രീയമുതലെടുപ്പിന് ശ്രമിക്കുന്നില്ല. വിശ്വാസികൾക്കൊപ്പം നിന്ന് ശബരിമലയിലെ ആചാരത്തെയും വിശ്വാസത്തെയും ഉറപ്പിച്ചുനിറുത്താൻ ശ്രമിക്കുക മാത്രമാണ്. കഴിഞ്ഞ വർഷം ശബരിമലയിലെത്തിയ തീർത്ഥാടകരുടെ എണ്ണം 5.4 കോടിയാണ്. ആ ശബരിമലയെ തകർക്കാൻ അമ്പത് വർഷമായി സി.പി.എം നടത്തിവരുന്ന ശ്രമങ്ങളെല്ലാം പരാജയപ്പെട്ടെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

വിശ്വാസികളുടെ അവകാശസംരക്ഷണത്തിന് വേണ്ടിയുള്ള സമരം മാത്രമാണിതെന്നും അല്ലാതെ അമിത ജുഡിഷ്യൽ അധികാരം സ്ഥാപിച്ചെടുക്കാനല്ലെന്നും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി മുരളീധർ റാവു പറഞ്ഞു. അക്രമസമരമല്ല ഇത്. ജുഡീഷ്യറിയെ മാനിക്കുന്നു. വിധിയിൽ മാറ്റത്തിനായാണ് ജനം ആവശ്യപ്പെടുന്നത്. വിധിക്കെതിരെ റിവ്യൂ ഹർജി നൽകാനോ സത്യവാങ്മൂലത്തിൽ തിരുത്ത് വരുത്താനോ സംസ്ഥാനസർക്കാർ തയാറാവാത്തതിലാണ് പ്രതിഷേധം. ക്ഷേത്രങ്ങളെ സംരക്ഷിക്കലല്ല, തകർക്കലാണ് സി.പി.എം ലക്ഷ്യം. ജനാധിപത്യത്തിനോ ഭരണഘടനയ്ക്കോ സുപ്രിംകോടതിക്കോ അല്ല പ്രശ്നം, മറിച്ച് കേരളത്തിലെ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ പാർട്ടിക്കും ആണെന്നും മുരളീധർ റാവു പറഞ്ഞു.