കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ആരോപണവിധേയനായ നടൻ ദിലീപ് 'അമ്മ' പ്രസിഡന്റ് മോഹൻലാലിന് ഇക്കഴിഞ്ഞ ഒക്ടോബർ 10ന് രാജിക്കത്ത് നൽകിയതായി സെക്രട്ടറി സിദ്ധിഖ് പറഞ്ഞു. രാജി സ്വീകരിക്കണമോയെന്ന കാര്യം ജനറൽ ബോഡി ആലോചിച്ച് തീരുമാനിക്കുമെന്നും സിദ്ധിഖും കെ.പി.എ.സി ലളിതയും വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രാജിവയ്ക്കാൻ തയ്യാറാണെന്ന് ദിലീപ് അറിയിച്ചതാണ്. തന്റെ പേരിൽ അമ്മ എന്ന സംഘടനയിൽ ഒരു പ്രശ്നം പാടില്ല ലാലേട്ടാ (മോഹൻലാൽ) എന്നാണ് ദിലീപ് പറഞ്ഞത്. ദിലീപിനെ പുറത്താക്കാൻ തീരുമാനിച്ചിരുന്നതാണ്. 'അമ്മ' ജനറൽ ബോഡിയാണ് ആ തീരുമാനം മരവിപ്പിച്ചത്. ജനറൽ ബോഡി ഒരു തീരുമാനം എടുത്താൽ അത് മറികടക്കാൻ എക്സിക്യുട്ടീവ് കമ്മിറ്റിക്ക് അധികാരമില്ല. ഇക്കാര്യം നടിമാരെ അറിയിച്ചിരുന്നു. ദിലീപ് രാജിക്കത്ത് നൽകിയ വിവരം എങ്ങനെയോ അറിഞ്ഞാണ് ഇപ്പോൾ ഡബ്ല്യു.സി.സി പത്രസമ്മേളനം നടത്തിയത്. ദിലീപിന്റെ തൊഴിൽ നിഷേധിക്കണമെന്നാണ് അവർ ആവശ്യപ്പെട്ടത്. ബി.ഉണ്ണികൃഷ്ണന്റെ സിനിമയിലും അഭിനയിക്കാൻ ദിലീപ് ഒരുങ്ങുകയാണ്. അത് വിലക്കണമെന്നാണ് ഒരു നടി ആവശ്യപ്പെട്ടത്. ആരോപണത്തിന്റെ പേരിൽ ബോളിവുഡ് നടന്മാരായ ആമിർ ഖാനും അക്ഷയ് കുമാറും ചില സിനിമകൾ ഉപേക്ഷിച്ചു എന്നാണ് ഇതിന് കാരണമായി നടിമാർ ചൂണ്ടിക്കാട്ടിയത്. എന്നാൽ അവർ ചെയ്തതാണ് തെറ്റ്.
ഒരു ആരോപണം ഉണ്ടായതിന്റെ പേരിൽ മറ്റൊരാളുടെ തൊഴിൽ നിഷേധിക്കുകയാണോ ചെയ്യേണ്ടത്. അതിന്റെ സത്യാവസ്ഥ അന്വേഷിക്കേണ്ടതല്ലേ. മറിച്ച് ആമിറിനും അക്ഷയിനും എതിരെയാണ് ആരെങ്കിലും ഇത്തരത്തിൽ ആരോപണം ഉന്നയിച്ചതെങ്കിൽ അവർ പ്രോജ്കടിൽ നിന്ന് പിന്മാറുമായിരുന്നോയെന്നും സിദ്ധിഖ് ചോദിച്ചു. ഒരു നടി പറയുന്നത് കേട്ട് ദിലീപിനെ അഭിനയിപ്പിക്കണ്ട എന്ന് പറഞ്ഞത് കേട്ട് നടപടി എടുത്ത ശേഷം നാളെ ഇതേനടി തന്നെ അഭിനയിപ്പിക്കണമെന്ന് പറഞ്ഞാൽ അത് സാദ്ധ്യമാണോയെന്നും സിദ്ധിഖ് ചോദിച്ചു. ആരുടേയും ജോലി സാദ്ധ്യത തടയാനുള്ള സംഘടനയല്ല അമ്മ. ഒരുപാട്പേരെ സംരക്ഷിക്കുന്ന സംഘടനയാണ്. ഈ നാല് നടിമാരല്ല, നാനൂറോളം നടിമാരുണ്ട്. ഈ നാല് നടിമാരെ പോലെ സാന്പത്തികമായി ഉയർന്ന നിലയിലുള്ള വരല്ല മറ്റുള്ള നടിമാർ. അടുത്ത സിനിമ എന്നാണെന്ന് ആലോചിച്ച് വിലപിക്കുന്ന നടിമാരുണ്ടെന്നും സിദ്ധിഖ് പറഞ്ഞു.