thushar

തിരുവനന്തപുരം: ഹിന്ദു സമൂഹത്തെ ഭിന്നിപ്പിച്ച് വിളവുകൊയ്യാൻ ഗൂഢശ്രമം നടക്കുന്നതായി എൻ.ഡി.എ കൺവീനറും ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റുമായ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. എൻ.ഡി.എയുടെ നേതൃത്വത്തിൽ ചെയർമാൻ പി.എസ്.ശ്രീധരൻപിള്ള നയിക്കുന്ന ശബരിമല സംരക്ഷണയാത്രയുടെ സമാപന സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല പ്രവേശന വിഷയത്തിൽ ഓർഡിനൻസ് ഇറക്കണം. പിടിവാശി ഉപേക്ഷിച്ച് സർക്കാർ സമന്വയത്തിന്റെ പാത സ്വീകരിക്കുകയാണ് വേണ്ടത്. ഭക്തരുടേയും വിശ്വാസികളുടേയും ആചാരങ്ങൾക്ക് വിരുദ്ധമായി ശബരിമല യുവതി പ്രവേശനത്തിന് അനുകൂലമായി സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് അനുകൂല വിധി സമ്പാദിച്ചവർ ശബരിമലയെ കലാപഭൂമിയാക്കാൻ ശ്രമിക്കരുത്. എല്ലാ മതങ്ങളുടേയും വികാരങ്ങളും വിശ്വാസങ്ങളും മാനിക്കാൻ ഭരണകക്ഷിക്കാർക്ക് ബാദ്ധ്യതയുണ്ട്. ആചാരാനുഷ്ഠാനങ്ങളും വിശ്വാസവും സംരക്ഷിച്ചാൽ മാത്രമെ നവകേരളം സൃഷ്ടിക്കാൻ സാധിക്കൂ.

ഭൂരിപക്ഷ ഹിന്ദുസമൂഹം ഭിന്നിച്ചു നിൽക്കേണ്ടവരല്ല. മറിച്ച് യോജിച്ച് നീങ്ങേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഒരു മേശയ്ക്കു ചുറ്റുമിരുന്ന് ചർച്ചയിലൂടെയും വിട്ടുവീഴ്ചയിലൂടെയും പ്രശ്നപരിഹാരത്തിനു ശ്രമിക്കണം. യോജിക്കേണ്ട മേഖലകളിലെല്ലാം യോജിച്ചു പോകേണ്ടത് അനിവാര്യമാണ്. ഇന്ന് ക്ഷേത്രവും വിശ്വാസവും അവിശ്വാസികൾ കൈപ്പിടിയിലൊതുക്കുമ്പോൾ നാളെ ഭൂരിപക്ഷത്തിന് നിലനിൽപുണ്ടാകുമോ എന്നു ചിന്തിക്കണം. ഒരുമയുടെ തത്വശാസ്ത്രമാണ് വേണ്ടത്. മനുഷ്യരെല്ലാം ഒന്നെന്ന ശ്രീനാരായണ ഗുരുദേവന്റെ മഹാവാക്യം സ്ഥിതിഭേദങ്ങൾക്കെല്ലാം അതീതമായ മാനവികയതയുടെ പ്രഘോഷമാണ്. വലിയ മുന്നൊരുക്കമില്ലാതെ പന്തളത്തു നിന്നും ആരംഭിച്ച ശബരിമല സംരക്ഷണയാത്ര ജനങ്ങളുടെയാകെ പങ്കാളിത്തം കൊണ്ട് വലിയ മുന്നേറ്റമായി മാറി. ഇതൊരു തുടക്കം മാത്രമാണെന്നും തുഷാർ പറഞ്ഞു.