akbar

ന്യൂഡൽഹി: തനിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച് മാദ്ധ്യമ പ്രവർത്തക പ്രിയാരമണിക്കെതിരെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബർ മാനനഷ്ട കേസ് നൽകി. തനിക്കെതിരെ തെറ്റായി ഉന്നയിച്ച ആരോപണം പിൻവലിച്ച് മാപ്പ് പറയണമെന്ന് പരാതിയിൽ പറയുന്നു.വ്യാജ ആരോപണം ഉന്നയിച്ച പ്രിയയെ വിചാരണ ചെയ്യണമെന്ന ആവശ്യവും അക്ബർ ഉന്നയിച്ചിട്ടുണ്ട്.

തനിക്കെതിരായ ആരോപണങ്ങൾ ഇന്നലെ അക്ബർ നിഷേധിച്ചിരുന്നു. മാദ്ധ്യമ പ്രവർത്തകനായിരിക്കെ അക്ബർ തങ്ങളോട് ലൈംഗികാതിക്രമം കാട്ടിയെന്നാണ് വിദേശ വനിതാ മാദ്ധ്യമപ്രവർത്തകരുൾപ്പെടെ വെളിപ്പെടുത്തിയത്. ഒക്ടോബർ എട്ടിന് പ്രമുഖ മാദ്ധ്യമപ്രവർത്തക പ്രിയാരമണിയാണ് ആരോപണത്തിന് തുടക്കം കുറിച്ചത്. പിന്നീട് 12 മാദ്ധ്യമപ്രവർത്തകർ കൂടി രംഗത്തെത്തുകയായിരുന്നു.

അതേസമയം,​ അക്ബറിനെതിരായ ആരോപണങ്ങളിൽ ഉറച്ച് നിൽക്കുന്നതായി അഞ്ച് മാദ്ധ്യമപ്രവർത്തകർ വ്യക്തമാക്കി. ഏഷ്യൻ ഏജ് റെസിഡന്റ് എഡിറ്ററായ സുപർണ ശർമ തന്റെ ആരോപണത്തിൽ ഉറച്ചു നിൽക്കുന്നതായി ഒരു ദേശീയ ദിനപത്രത്തോട് വ്യക്തമാക്കി. ഒരിക്കൽ അക്ബർ എന്റെ ബ്രേസിയറിന്റെ ക്ളിപ്പിൽ കയറിപ്പിടിച്ചു. മറ്റൊരിക്കൽ എന്റെ മാറിടങ്ങളിലേക്ക് തുറിച്ചു നോക്കി. ഇതേ പ്രവൃത്തി അയാൾ ഓഫീസിലെ മറ്റൊരു സ്ത്രീയോടും കാണിച്ചു. ഇത് വലിയൊരു പോരാട്ടത്തിന്റെ തുടക്കമാണ്. ഇനി നിയമനടപടിയും സ്വീകരിക്കും - സുപർണ പറ‍ഞ്ഞു.