നിവിൻ പോളി എന്ന നടന്റെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രത്തിലേക്ക് മുന്നേറുകയാണ് കായംകുളം കൊച്ചുണ്ണി. ഒരു നിവിൻ പോളി ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന ആദ്യ ദിന കളക്ഷൻ ഇതിനോടകം തന്നെ ചിത്രത്തിന് ലഭിച്ചു കഴിഞ്ഞു. അതേസമയം കൊച്ചുണ്ണിയേക്കാൾ ഒരു പടി മുന്നിൽ നിൽക്കുന്നത് മോഹൻലാലിന്റെ ഇത്തിക്കരപക്കിയാണെന്ന അഭിപ്രായത്തിലാണ് ഒരു വിഭാഗം ആരാധകർ. ലാലിന്റെ പ്രസൻസ് ചിത്രത്തെ മറ്റൊരു തലത്തിലേക്ക് എത്തിച്ചെന്നും ഇവർ പറയുന്നു.
അതിനിടെ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ആരാധകരുടെ ചോദ്യത്തിന് മറുപടി പറയുന്നതിനിടെ രസകരമായൊരു ചോദ്യം നിവിൻ നേരിടേണ്ടി വന്നു. അജു വർഗീസിന് എന്തുകൊണ്ട് ഇത്തിക്കരപക്കിയായി അവസരം കൊടുത്തില്ലെന്നും, ഒരു അടിമയുടെ വേഷമെങ്കിലും കൊടുക്കാമായിരുന്നു എന്നുമായിരുന്നു ആരാധകന്റെ ചോദ്യം. എന്നാൽ അതിന് നിവിൻ നൽകിയ മറുപടി ഇപ്പോൾ വൈറലാവുകയാണ്. ഇക്കാര്യം അജുവിനോട് തന്നെ ചോദിക്കാമെന്നും, ചോദ്യം ചോദിച്ച ആളുടെ പേര് വിവരവും പറഞ്ഞു കൊടുക്കാമെന്നുമായിരുന്നു നിവിന്റെ മറുപടി.
റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്‌ത ഈ ബിഗ് ബഡ്‌ജറ്റ് ചിത്രം നിർമ്മിച്ചത് ഗോകുലം ഗോപാലനാണ്. സണ്ണി വെയ്‌ൻ, ബാബുആന്റണി, പ്രിയ ആനന്ദ്, പ്രിയങ്ക തിമ്മേഷ്, മണികണ്‌ഠൻ ആചാരി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയത്.