saints

വത്തിക്കാൻ സിറ്റി: 1963 മുതൽ 15 വർഷക്കാലം കത്തോലിക്കാ സഭയെ നയിച്ച പോൾ ആറാമൻ മാർപാപ്പ, 1970ൽ കുർബാനയ്ക്കിടെ രക്തസാക്ഷിത്വം വരിച്ച സാൽവദോർ ആർച്ച് ബിഷപ് ഓസ്കാർ റൊമേറോ എന്നിവരടക്കം 7 പേരെ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു. ഇറ്റാലിയൻ വൈദികനായ ഫ്രാൻസെസ്കോ സ്പിനെല്ലി (ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ദ അഡോറേഴ്സ് ഒഫ് ദ ബ്ലെസ്ഡ് സാക്രമെന്റ് സ്ഥാപകൻ), ഇറ്റാലിയൻ വൈദികൻ വിൻസെൻസോ റൊമാനോ, ജർമൻ കന്യാസ്ത്രീ മരിയ കാതറിന കാസ്‌പർ (ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ദ പുവർ ഹാൻഡ്മെയ്ഡ്സ് ഒഫ് ജീസസ് ക്രൈസ്റ്റ് സ്ഥാപക), അർജന്റീനയിൽ മരിച്ച സ്പാനിഷ് മിഷനറി നസാറിയ ഇഗ്നാസിയ, ക്രൂസേഡേഴ്സ് ഒഫ് ദ ചർച്ച് സ്ഥാപകൻ ഇറ്റലിയിൽ നിന്നുള്ള നുൻസിയോ സുൽപ്രിസിയോ എന്നിവരാണ് വിശുദ്ധ പദവിയിലേക്കുയർന്ന മറ്റുള്ളവർ. മനില വിമാനത്താവളത്തിൽ ഏക്രമിയുടെ കുത്തേറ്റപ്പോൾ പോൾ ആറാമൻ ധരിച്ചിരുന്ന വസ്ത്രം, റൊമേറോയുടെ അസ്ഥി തുടങ്ങിയ ഭൗതികാവശിഷ്ടങ്ങൾ വിശുദ്ധരുടേതായി ബസിലിക്കയിലെ അൾത്താരയിൽ കാഴ്ചവച്ചിരുന്നു. ജോൺ 23-ാമൻ, ജോൺ പോൾ രണ്ടാമൻ എന്നിവർക്കുശേഷം വിശുദ്ധനായി വാഴ്ത്തപ്പെടുന്ന മാർപാപ്പയാണ് പോൾ ആറാമൻ. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച വ്യക്തിയാണ് പോൾ ആറാമൻ. ലോകത്ത് ലൈംഗിക അരാജകത്വം നടമാടിയിരുന്ന കാലത്ത് കൃത്രിമ ഗർഭനിരോധനത്തിനെതിരെ കർക്കശ നിലപാട് എടുത്ത അദ്ദേഹം മനുഷ്യജീവനെ ഇല്ലാതാക്കുന്നതിനോട് പൊറുക്കില്ലെന്നു പ്രഖ്യാപിച്ച് 1968ൽ ‘ഹ്യുമാനെ വീത്തെ’ എന്ന ചാക്രിക ലേഖനം പുറപ്പെടുവിച്ചു.