കൊച്ചി:ഡബ്ല്യൂ.സി.സിക്കെതിരെ താരസംഘടനയായ അമ്മയിലെ അംഗങ്ങൾ നടത്തിയ പരാമർശത്തിന് മറുപടിയുമായി നടി പാർവതി രംഗത്ത്. കെ.പി.എ.സി. ലളിത ചേച്ചിയുടെ വാക്കുകൾ വേദനിപ്പിച്ചെന്നും, ഒരുപാട് ആദരവുള്ള നടിയായ അവർ ഇത്തരത്തിൽ പ്രതികരിക്കാൻ പാടില്ലായിരുന്നെന്നും പാർവതി പറഞ്ഞു.
'അമ്മയുടെ നിലപാടിൽ പ്രതീക്ഷയില്ല. അവർക്കുള്ളിൽ തന്നെ ഭിന്നതയാണ്. സൈബർ ആക്രമണത്തെ സിദ്ദീഖ് ന്യായീകരിച്ചത് തെറ്റാണ്. ദിലീപ് കുറ്റക്കാരനാണെന്ന് തെളിയാതെ നടപടിയെടുക്കാനാകില്ലെന്നാണ് അവർ പറയുന്നത്. അങ്ങനെയെങ്കിൽ കുറ്റാരോപിതനും ആക്രമിക്കപ്പെട്ട നടിക്കും ഒരേനീതി ലഭിക്കാത്തതെന്തുകൊണ്ടാണ്. ഇപ്പോൾ വ്യക്തിപരമായ വൈരാഗ്യം ആക്കി മാറ്റുകയാണ്. അവർക്കിടയിൽ തന്നെ വ്യക്തത ഇല്ല. അവിടെ പോയി കാത്തുനിൽക്കാൻ ഞങ്ങൾക്ക് സമയമില്ല'.–പാർവതി പറഞ്ഞു.
'അമ്മയിലെ അംഗങ്ങളൊക്കെ വലിയ സീനിയേർസ് ആണ്.ഇതിൽ ഞങ്ങൾ ചെയ്‌ത തെറ്റ് എന്താണ്. അതിനുത്തരം കിട്ടാത്തതുകൊണ്ടാണ്, ചോദ്യങ്ങളുമായി പൊതുസമൂഹത്തിന് മുന്നിൽ എത്തിയത്. ആഷിക്ക് അബുവിനെതിരെ എന്തുകൊണ്ടാണ് പുച്ഛിച്ച് സംസാരിക്കുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല.ആഷിക്ക് അബു എടുത്തത് ധീരമായ നിലപാട് തന്നെയായിരുന്നു. സ്ത്രീകൾക്ക് വേണ്ടി ഒരു സെൽ വേണമെന്ന് പറഞ്ഞ ആളെ പരിഹസിക്കുകയാണ് ഇദ്ദേഹം. പിന്നെ എങ്ങനെയാണ് ഇവർ സ്ത്രീകളുടെ പ്രശ്‌നങ്ങൾ മനസിലാക്കുന്നത്'- പാർവതി കൂട്ടിച്ചർത്തു.