chetan

ന്യൂഡൽഹി: ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരൻ ചേതൻ ഭഗത്തിനെതിരെ ഇറ ത്രിവേദി ഉന്നയിച്ച ലൈംഗികാരോപണങ്ങൾ കള്ളമാണെന്ന് ചേതൻ ഭഗത് പ്രതികരിച്ചു. 2013ൽ ചേതൻ ഭഗത് ഇറ ത്രിവേദിക്കയച്ച ലൈംഗികച്ചുവയുള്ള ഇ-മെയിൽ സന്ദേശങ്ങളാണ് ഇറ ഒരാഴ്ച മുമ്പ് സമൂഹമാദ്ധ്യമങ്ങളിൽ പരസ്യപ്പെടുത്തിയത്. ഇത്തരത്തിലുള്ള തെറ്റായ ആരോപണങ്ങൾ പ്രതിസ്ഥാനത്തു നിൽക്കുന്നവരെ മാനസികമായി സമ്മർദ്ദത്തിലാക്കുമെന്നും അവരുടെ കുടുംബ ബന്ധങ്ങളെ വരെ അത് പ്രതികൂലമായി ബാധിക്കുമെന്നും ചേതൻ ഭഗത് പ്രതികരിച്ചു.

മീ ടൂ: സ്ത്രീകൾക്ക് നീതിവേണമെന്ന് സേഫ് അലിഖാൻ

മുംബയ്: സിനിമയിൽ എല്ലാത്തരത്തിലുമുള്ള അധിക്ഷേപങ്ങളും നടക്കുന്നുണ്ടെന്നും താനും 25 വർഷങ്ങൾക്കു മുമ്പ് അപമാനിക്കപ്പെട്ടിട്ടുണ്ടെന്നും ബോളിവുഡ് താരം സേഫ് അലിഖാൻ തുറന്നു പറഞ്ഞു. ലൈംഗികമായി അല്ലെങ്കിലും താൻ അന്ന് അപമാനിക്കപ്പെട്ടതിൽ ഇന്നും ദേഷ്യം വിട്ടുമാറിയിട്ടില്ലെന്നും താരം പറഞ്ഞു. സ്ത്രീകൾ തുറന്നു പറയുന്നത് വളരെ നല്ലതാണ്. അവർക്ക് നീതി ഉറപ്പാക്കണം. ആർക്കും ആരെയും മനസിലാക്കാനുള്ള കഴിവില്ലാത്തതിനാലാണ് സ്ത്രീകൾ തുറന്നു പറയുമ്പോൾ അവരെ കുറ്റപ്പെടുത്തുന്നതെന്നും സേഫ് അലിഖാൻ ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

പിന്തുണച്ച് സോമി അലി

മുബയ്: മീ ടൂ കാമ്പെയിനിന്റെ ഭാഗമായുള്ള ലൈംഗികാധിക്ഷേപങ്ങളുടെ തുറന്നു പറച്ചിലിന് പിന്തുണയുമായി ബോളിവുഡ് താരം സൽമാൻ ഖാന്റെ മുൻ പങ്കാളി സോമി അലി സമൂഹമാദ്ധ്യമത്തിൽ വ്യക്തമാക്കി. ലൈംഗിക പീഡനത്തെയും മാനഭംഗത്തെയും വളരെ ചെറിയ പ്രായത്തിൽ അതിജീവിച്ച സ്വന്തം അനുഭവം പങ്കുവച്ചുകൊണ്ടാണ് സോമി പിന്തുണ അറിയിച്ചത്.

'' അഞ്ചാം വയസിൽ ലൈംഗികാധിക്ഷേപം നേരിട്ട, 14-ാം വയസിൽ മാനഭംഗത്തെ അതിജീവിച്ച എനിക്ക് ഇത്തരം അനുഭവങ്ങൾ തുറന്നു പറയുന്ന എല്ലാ സ്ത്രീകളോടും ബഹുമാനം മാത്രമാണ്. ഇത്തരം അനുഭവങ്ങൾ തുറന്നു പറയാൻ തന്നെ വളരെ ബുദ്ധിമുട്ടാണ്. വർഷങ്ങൾക്കിപ്പുറമാണ് ഞാൻ തന്നെ ഇക്കാര്യം മറ്റൊരാളോട് പങ്കിടുന്നത്. ലോകത്തോട് അത് വിളിച്ചു പറയാൻ വലിയ ധൈര്യം ആവശ്യമാണ്. തുറന്നു പറയുമ്പോഴും സംരക്ഷണം ലഭിക്കാത്തതാണ് ഏറെ ഭയാനകം. സ്ത്രീകളെ വീണ്ടും ശക്തരാക്കുകയാണ് ഈ നിലപാട്. വിശ്വസിക്കാത്തവരെ പേടിച്ച് പറയാതിരിക്കരുത്. ഇത് നിങ്ങളുടെ സത്യമാണ്. ഭയക്കാതെ തുറന്നു പറയുക. ഞാൻ നിങ്ങളെ വിശ്വസിക്കുന്നു"- സോമി പറയുന്നു.