sib

കൊച്ചി: കിട്ടാക്കടം തരണം ചെയ്യാനുള്ള നീക്കിയിരിപ്പ് തുകയിലുണ്ടായ (പ്രൊവിഷനിംഗ്) കുറവും റിക്കവറിയിലെ നേട്ടവും നടപ്പു സാമ്പത്തിക വർഷത്തെ രണ്ടാംപാദമായ ജൂലായ് - സെപ്‌തംബറിൽ സൗത്ത് ഇന്ത്യൻ ബാങ്കിന് സമ്മാനിച്ചത് 70.13 കോടി രൂപയുടെ ലാഭം. 1,653.32 ശതമാനമാണ് വർദ്ധന. മുൻ വർഷത്തെ സമാനപാദത്തിൽ ലാഭം 4.32 കോടി രൂപയായിരുന്നു.

പ്രൊവിഷനിംഗ് തുക മുൻ വർഷത്തെ സമാനപാദത്തിലെ 453 കോടി രൂപയിൽ നിന്ന് 205 കോടി രൂപയായി താഴ്‌ന്നത് കഴിഞ്ഞ ത്രൈമാസത്തിൽ മികച്ച ലാഭം നേടാൻ സഹായകമായെന്ന് മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ വി.ജി. മാത്യു പത്രസമ്മേളനത്തിൽ പറഞ്ഞു. 119 കോടി രൂപയുടെ മികച്ച റിക്കവറിയിലൂടെ കിട്ടാക്കടത്തിന്റെ വലിയ കുതിപ്പും തടയാൻ സാധിച്ചു. പുതിയ കിട്ടാക്കടത്തോത് 613 കോടി രൂപയിൽ നിന്ന് 213 കോടി രൂപയായി താഴ്‌ന്നതും നേട്ടമായെന്നും അദ്ദേഹം പറഞ്ഞു.

തൊട്ടു മുമ്പത്തെ പാദത്തിലെ 4.54 ശതമാനത്തിൽ നിന്ന് 4.61 ശതമാനത്തിലേക്ക് കഴിഞ്ഞപാദത്തിൽ മൊത്തം നിഷ്‌ക്രിയ ആസ്‌തി ഉയർന്നു. 0.07 ശതമാനമാണ് വർദ്ധന. അറ്റ നിഷ്‌ക്രിയ ആസ്‌തി 3.27 ശതമാനത്തിൽ നിന്ന് 3.16 ശതമാനമായി കുറഞ്ഞു. ബാങ്കിന്റെ മൊത്തം ബിസിനസ് 13.23 ശതമാനം വർദ്ധിച്ച് 1.32 ലക്ഷം കോടി രൂപയായി. നിക്ഷേപം 11.57 ശതമാനം ഉയർന്ന് 74,911 കോടി രൂപയിലും വായ്‌പ 15.48 ശതമാനം വർദ്ധിച്ച് 57,413 കോടി രൂപയിലുമെത്തി.

എൻ.ആർ.ഐ നിക്ഷേപത്തിലെ കുതിപ്പ് 14.43 ശതമാനമാണ്. കാർഷികം, വാഹനം, പണയവായ്‌പ, എം.എസ്.എം.ഇ, കോർപ്പറേറ്റ് വായ്‌പകളിൽ മികച്ച വർദ്ധനയുണ്ടായി. അതേസമയം, പ്രവർത്തനലാഭം 460 കോടി രൂപയിൽ നിന്ന് 310 കോടി രൂപയായി താഴ്‌ന്നു. ഇടിവ് 32.66 ശതമാനം. പ്രവർത്തനേതര വരുമാനം 43.61 ശതമാനവും കുറഞ്ഞു. 0.69 ശതമാനമാണ് അറ്റ പലിശ വരുമാന വർദ്ധന. സൗത്ത് ഇന്ത്യൻ ബാങ്ക് ചെയർമാൻ സലിം ഗംഗാധരനും പത്ര സമ്മേളനത്തിൽ സംബന്ധിച്ചു.