ഷാർജ: ഒരോവറിൽ ആറ് സിക്സടിച്ച വെടിക്കെട്ട് ബാറ്റ്സ്മാൻമാരുടെ പട്ടികയിലേക്ക് അഫ്ഗാൻ യുവതാരം ഹസ്രത്തുള്ള സസായിയും. അഫ്ഗാനിസ്ഥാൻ പ്രിമിയർ ലീഗിലാണ് (ട്വന്റി-20) സസായിയുടെ വെടിക്കെട്ട് പിറന്നത്. എ.പി.എൽ ടീമായ കാബൂൾ സ്വാനൻന്റെ താരമായ സസായി കഴിഞ്ഞ ദിവസം ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബൽക്ക് ലെജൻഡ്സിന്റെ അരങ്ങേറ്റക്കാരനായ ഇടങ്കൈയൻ സ്പിന്നർ അബ്ദുള്ള മസാരിയെയേണ് നിലം തൊടാതെ പറത്തിയത്. ആ ഓവറിൽ ഒരു വൈഡും ഉൾപ്പെടെ 37 റൺസാണ മസാരി വഴങ്ങിയത്. 17 പന്തിൽ 62 റൺസെടുത്താണ് സസായി പുറത്തായത്. പന്ത്രണ്ട് പന്തിൽ അർദ്ധ സെഞ്ച്വറി തികച്ച സസായി ട്വന്റി-20യിൽ അതിവേഗം അർദ്ധസെഞ്ച്വറി നേടിയ യുവ്‌രാജ് സിംഗ്, ക്രിസ് ഗെയ്ൽ എന്നിവരുടെ റെക്കാഡിനൊപ്പവുമെത്തി. ഗാരി സോബേഴ്സ്, രവി ശാസ്ത്രി, ഹെർഷലെ ഗിബ്‌സ്, യുവ്‌രാജ് സിംഗ്, അലക്സ് ഹെയ്ൽസ്, രവീന്ദ്ര ജഡേജ, മിസ് ബ ഉൾഹഖ് എന്നിവരാണ് സസായിക്ക് മുമ്പ് അംഗീകൃത ക്രിക്കറ്റ് മത്സരങ്ങളിൽ ഒരോവറിൽ ആറ് പന്തും സിക്സടിച്ച താരങ്ങൾ. അതേസമയം സസായിയുടെ വെടിക്കെട്ടിനും കാബൂളിനെ ജയിപ്പിക്കാനായില്ല. മത്സരത്തിൽ അവർ 21 റൺസിന് തോറ്രു. ഇരുപതുകാരനായ സസായി അഫ്ഗാനിസ്ഥാനായി രണ്ട് ഏകദിനങ്ങളിലും 3 ട്വന്റി-20യിലും കളിച്ചിട്ടുണ്ട്.