italy

ചോർസോവ്: യു.ഇ.എഫ്.എ നേഷൻസ് ലീഗിൽ ഗ്രൂപ്പ് 3യിൽ ഇറ്രലി ഏകപക്ഷീയമായ ഒരു ഗോളിന് പോളണ്ടിനെ കീഴടക്കി. ഇഞ്ചുറി ടൈമിൽ ക്രിസ്റ്റ്യാനൊ ബിറാഘിയാണ് ഇറ്രലിയുടെ ജയമുറപ്പിച്ച ഗോൾ നേടിയത്. ലീഗിൽ ഇറ്റലിയുടെ ആദ്യ ജയമാണിത്. മേയിൽ മാൻസീനി പരിശീലകസ്ഥാനം ഏറ്റെടുത്ത ശേഷം കോംപറ്രേറ്റീവ് മത്സരത്തിൽ ഇറ്റലി നേടുന്ന ആദ്യ ജയമാണിത്. അതേസമയം തോൽവിയോടെ പോളണ്ട് തരംതാഴ്‌ത്തപ്പെട്ടു.

മത്സരത്തിൽ ബാൾ പെസഷനിൽ ഉൾപ്പെടെ ഇറ്റിലിതന്നെയാണ് പോളണ്ടിനെക്കാൾ മികച്ച് നിന്നത്.ആദ്യ പകുതിയിൽ ഇറ്റിലിയുടെ രണ്ട് ഗോൾ ശ്രമങ്ങളാണ് ക്രോസ്ബാറിൽ തട്ടിത്തെറിച്ചത്. ബാറിന് കീഴിൽ മികച്ച പ്രകടനം പുറത്തെടുത്ത പോളണ്ടിന്റെ യുവന്റസ് ഗോളി ഷെൻസിയാണ് പലപ്പോഴും ഇറ്രാലിയൻ ആക്രമണങ്ങൾക്ക് വിലങ്ങ് തടിയായത്. ഒടുവിൽ മത്സരമവസാനിക്കാൻ സെക്കന്റുകൾ ശേഷിക്കെ രണ്ടാം പകുതിയുടെ അധിക സമയത്ത് 92-ാം മിനിറ്രിൽ ബിറാഘി ഹെഡ്ഡറിലൂടെ ഇറ്രലിയുടെ ജയമുറപ്പിക്കുകയായിരുന്നു. മറ്റ് മത്സരങ്ങളിൽ മോണ്ടെനെഗ്രോ 4-1ന് ലിത്വാനിയയേയും ഇസ്രയേൽ 2-0 ത്തിന് അൽബേനിയയേയും കീഴടക്കി. കഴിഞ്ഞ മത്സരത്തിൽ ഇറ്രലി പോർച്ചുഗലിനോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റിരുന്നു.