ഇസ്താംബുൾ: രണ്ടാഴ്ച മുമ്പ് ഇസ്താംബുളിലെ സൗദി കോൺസുലേറ്റിൽ വച്ച് കാണാതായ പ്രമുഖ അറബ് മാദ്ധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയെ കണ്ടെത്താനായി കോൺസുലേറ്ര് പരിശോധിക്കാനൊരുങ്ങുകയാണെന്ന് തുർക്കി വ്യക്തമാക്കി. ഖഷോഗിയെ കോൺസുലേറ്റിൽ സൗദി കൊല്ലപ്പെടുത്തിയെന്ന സംശയം ശക്തമാകുന്ന സാഹചര്യത്തിലാണ് പരിശോധന നടത്താൻ തുർക്കി ഒരുങ്ങുന്നത്. സൽമാൻ രാജാവും തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗനും തമ്മിൽ ഞായറാഴ്ച ഫോണിൽ സംസാരിച്ചതിനെ തുടർന്നാണ് പരിശോധനയ്ക്ക് തുർക്കിക്ക് അനുമതി ലഭിച്ചത്.
ഖഷോഗിയുടെ തിരോധാനത്തിനു പിന്നിൽ സൗദിയാണെന്നും അദ്ദേഹം കൊല്ലപ്പെട്ടു എന്നുമുള്ള വാദങ്ങളെ പിന്തുണയ്ക്കുന്ന ഓഡിയോ ക്ലിപ്പ് അടക്കമുള്ള തെളിവുകൾ തുർക്കിക്ക് ലഭിച്ച സാഹചര്യത്തിൽ അന്താരാഷ്ട്ര തലത്തിൽ സൗദിക്കെതിരെ സമ്മർദ്ദം ശക്തമാവുകയാണ്.
സൗദി രാജാവ് മുഹമ്മദ് ബിൻ സൽമാൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇതിന് തുർക്കിയുടെ സഹായത്തോടെ സംയുക്ത സംഘത്തിന് രൂപം നൽകണമെന്ന സൗദിയുടെ ആവശ്യം തുർക്കി അംഗീകരിച്ചിരുന്നു.
സൽമാൻ രാജാവുമായി കൂടിക്കാഴ്ച നടത്താൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒരുങ്ങുന്നതായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ വ്യക്തമാക്കിയിരുന്നു. റിയാദിൽ നടക്കാനിരിക്കുന്ന സുപ്രധാന നിക്ഷേപക സമ്മേളനത്തിൽ ലോകത്തിലെ പ്രധാന വ്യാവസായിക ഭീമൻമാർ പങ്കെടുക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.
പരിശോധന ഇങ്ങനെ
തുർക്കി-സൗദി സംയുക്ത സംഘത്തിന്റെ നേതൃത്വത്തിൽ
രക്തത്തിന്റെ ഏതെങ്കിലും തരത്തിലുള്ള സാന്നിദ്ധ്യം തിരിച്ചറിയാൻ സഹായിക്കുന്ന ലൂമിനോൾ പരിശോധനയാകും നടത്തുക.