alencier

തിരുവനന്തപുരം:മലയാള സിനിമയിൽ മീ ടു ക്യാംപയിൻ തുടങ്ങിവച്ച വിവാദങ്ങൾ ഇപ്പോഴൊന്നും അവസാനിക്കുന്ന ലക്ഷണമില്ല. നടൻ അലൻസിയറിൽ നിന്നും നിരവധി തവണ മോശം അനുഭവം ഉണ്ടായെന്ന വെളിപ്പെടുത്തലുമായി പുതുമുഖ നടി രംഗത്തെത്തിയതാണ് ഒടുവിലത്തേത്. പ്രമുഖ ട്വിറ്റർ ഹാൻഡിലായ ഇന്ത്യ പ്രൊട്ടസ്‌റ്റിലൂടെയാണ് പേര് വെളിപ്പെടുത്താത്ത നടിയുടെ വെളിപ്പെടുത്തൽ പുറത്ത് വന്നത്. എന്നാൽ ഇക്കാര്യത്തോട് ഇതുവരെ അലൻസിയർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

തന്റെ നാലാമത്തെയും അലൻസിയറോടൊത്തുള്ള ആദ്യത്തെയും അവസാനത്തെയും സിനിമയ്‌ക്കിടയിലാണ് താരത്തിൽ നിന്നും മോശം അനുഭവം ഉണ്ടായത്. ഒരു തവണ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ തന്റെ മാറിടത്തിൽ നോക്കിയിരുന്നാണ് അദ്ദേഹം സംസാരിച്ചിരുന്നത്. മറ്റൊരിക്കൽ തന്റെ മുറിയിലേക്ക് മദ്യപിച്ച് കടന്ന് വന്ന് നാടകത്തെക്കുറിച്ചൊക്കെ വാതോരാതെ സംസാരിച്ചു. അന്ന് തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ രക്ഷിച്ചത് സിനിമയുടെ അസിസ്‌റ്റന്റ് സംവിധായകരിൽ ഒരാളായിരുന്നു. ആർത്തവ സമയത്ത് ശാരീരിക അവശതകൾ മൂലം ബുദ്ധിമുട്ടുന്ന സമയത്തായിരുന്നു ഈ ദുരനുഭവം.

പിന്നീടൊരിക്കൽ മുതിർന്ന നടിയോടൊപ്പം തന്റെ മുറിയിലെത്തിയ അലൻസിയർ സ്ത്രീ ശരീരത്തെക്കുറിച്ചൊക്കെ മോശമായി സംസാരിച്ചു. പിന്നീടൊരിക്കൽ മുറിയിൽ ഉറങ്ങിക്കിടന്ന തന്റെ കിടക്കയിൽ അലൻസിയർ കയറി കിടക്കെന്നും എഴുന്നേറ്റ് പോകാൻ ശ്രമിച്ച തന്റെ കയ്യിൽ പിടിച്ച് കിടക്കയിലേക്ക് ഇടാൻ ശ്രമിച്ചുവെന്നും നടി ആരോപിക്കുന്നു. എന്നാൽ തുടക്കക്കാരിയായതിനാലും ഇപ്പോഴും ഈ ഫീൽഡിൽ നിൽക്കാൻ കഷ്‌ടപ്പെടുകയും ചെയ്യുന്നയാളെന്ന നിലയിലാണ് തന്റെ പേര് വെളിപ്പെടുത്താത്തത്. തന്റെ വെളിപ്പെടുത്തലിന് പിന്നാലെ അലൻസിയർക്കെതിരെ കൂടുതൽ പേർ രംഗത്ത് വരുമെന്നും നടി വിശദീകരിച്ചു.