കൽപ്പറ്റ:എൻ.ഡി.എ തീരുമാനത്തിനു വിരുദ്ധമായാണ് സി.കെ ജാനു പ്രവർത്തിച്ചതെന്ന അഡ്വ.പി. എസ്. ശ്രീധരൻ പിളളയുടെ പ്രസ്താവന നുണയാണെന്ന് ജനാധിപത്യ രാഷ്ട്രീയ പാർട്ടി സംസ്ഥാന ചെയർമാൻ സി.കെ ജാനു പറഞ്ഞു. എൻ.ഡി.എ യോഗം ചേർന്നല്ല ശബരിമല വിഷയത്തിൽ തീരുമാനമുണ്ടായത്. എൻ.ഡി.എയുടെ സംസ്ഥാന ജോയന്റ് കൺവീനറായ തന്നോട് പോലും ആലോചിക്കാതെയാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടതെന്നും ജാനു 'കേരളകൗമുദി'യോട് പറഞ്ഞു.
ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയെ തുടർന്ന് താൽപര്യമുള്ളവർക്ക് ശബരിമലയിൽ പോകാമെന്ന് തന്നെയാണ് തന്റെ അഭിപ്രായം. എൻ.ഡി.എക്ക് എതിര് അഭിപ്രായമാണെങ്കിൽ അത് നേരത്തെ പറയണമായിരുന്നു. റിവ്യൂ പെറ്റീഷനെങ്കിലും നൽകണമായിരുന്നു. എൻ.ഡി.എയുടെ തീരുമാനം എന്തായിരിക്കണമെന്ന് യോഗം ചേർന്ന് തീരുമാനമെടുക്കേണ്ടതാണ്. അങ്ങനെയൊരു യോഗം ചേർന്നിട്ടുണ്ടോ എന്നും ജാനു ചോദിച്ചു. കഴിഞ്ഞ ഒമ്പതാം തീയതി പി.എസ് ശ്രീധരൻ പിളള മറ്റൊരാളുടെ ഫോണിൽ തന്നെ വിളിച്ചിരുന്നു. പത്താം തീയതി ശബരിമല വിവാദം സംബന്ധിച്ച യാത്ര നടത്തുന്നുണ്ടെന്നും അതിൽ പങ്കെടുക്കണമെന്നും പറയാനാണ് വിളിച്ചത്. എന്നാൽ പെട്ടെന്ന് അറിയിച്ചത് കൊണ്ട് തനിക്ക് പങ്കെടുക്കാൻ ബുദ്ധിമുട്ടാണെന്ന് അറിയിക്കുകയും ചെയ്തു. ചെങ്ങന്നൂർ തിരഞ്ഞെടുപ്പിന് ശേഷം എൻ.ഡി എ ചേർന്നിട്ടില്ല.
മുന്നണി വിടാൻ പ്രധാന കാരണം എൻ.ഡി.എ പറഞ്ഞ വാക്ക് പാലിക്കാത്തതാണ്. സുൽത്താൻബത്തേരി മണ്ഡലത്തിൽ എൻ.ഡി.എയുടെ സ്ഥാനാർത്ഥിയായിരുന്നു താൻ. തോറ്റാൽ രാജ്യസഭാ സീറ്റ് നൽകാമെന്നായിരുന്നു ധാരണ. ബോർഡ്, കോർപ്പറേഷൻ സ്ഥാനങ്ങൾ നൽകാമെന്നും പറഞ്ഞിരുന്നു. ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായെ മൂന്ന് തവണ കണ്ടു. ഇങ്ങനെയൊരു ധാരണയെക്കുറിച്ച് അറിയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. എല്ലാവരും ആദിവാസികളെ പറഞ്ഞ് പറ്റിക്കുകയായിരുന്നു. യോജിപ്പ് സാദ്ധ്യമായാൽ ഏത് മുന്നണിയുമായി സഹകരിക്കാനും തയ്യാറാണെന്നും സി.കെ.ജാനു പറഞ്ഞു.