india

ഹൈദരാബാദ്: വെസ്റ്രിൻഡീസിനെതിരായ രണ്ട് ടെസ്‌റ്രുകളിലും മൂന്ന് ദിവസത്തിനുള്ളിൽ തന്നെ ജയം നേടിയ ഇന്ത്യൻ ടീമിനെ ഇനിക്കാത്തിരിക്കുന്നത് അതികഠിനമായ ഓസീസ് പരീക്ഷ. ആസ്ട്രേലിയൻ പര്യടനത്തിന് മുമ്പായുള്ള തയ്യാറെടുപ്പായിട്ടാണ് ഇന്ത്യൻ ടീം വിൻഡീസിനെതിരായ ടെസ്റ്ര് പരമ്പരയെ കണ്ടത്. കളിയുടെ സമസ്ഥ മേഖലയിലും ആധിപത്യം പുലർത്തിയാണ് ഇന്ത്യ വിൻഡീസിനെ തറപറ്രിച്ചത്. പൃത്വി ഷായെന്ന യുവതാരത്തെ കണ്ടെത്തിയതാണ് വിൻഡീസിനെതിരെ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയുടെ ഏറ്രവും വലിയ നേട്ടം.

ഓപ്പണിംഗ് തലവേദനയായി തുടരുന്ന ഇന്ത്യയ്ക്ക് ഏറെ ആശ്വാസം നൽകുന്നുണ്ട് പത്തൊമ്പതുകാരനായ പൃഥ്വി. ബൗളർമാർക്ക് മേൽ കാണിക്കുന്ന ആധികാരികതയും പ്രായത്തിൽ കവിഞ്ഞ പക്വതയോടെ കളിക്കുന്ന ഷോട്ടുകളും പൃത്വിയ്ക്ക് ആസ്ട്രേലിയയിലേക്കുള്ള ടിക്കറ്റ് ഉറപ്പാക്കിക്കഴിഞ്ഞു.വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്തും തന്റെ സ്ഥാനം സുരക്ഷിതമാക്കാനുള്ള അവസരം ഫലപ്രദമായി ഉപയോഗിച്ചു. ഭുവനേശ്വർ,​ ഷമി,​ ബുംര,​ ഇശാന്ത് എന്നിവരുടെയെല്ലാം അഭാവത്തിൽ പേസാക്രമണം ഏറ്രെടുത്ത ഉമേഷ് യാദവ് രണ്ടാം ടെസ്റ്റിൽ പത്ത് വിക്കറ്രു നേടി കഴിവ് തെളിയിക്കുകയും ചെയ്തു.

അതേസമയം ഓപ്പണിംഗും രണ്ടാം വിക്കറ്റ് കീപ്പറുമായിരിക്കും ആസ്ട്രേലിയൻ പര്യടനത്തിന് മുമ്പായി ഇന്ത്യൻ സെലക്ടർമാരെ കുഴയ്ക്കുന്ന ഘടകം. കഴിഞ്ഞ 17 ഇന്നിംഗ്സുകളിൽ 14ലും പരാജയപ്പെട്ടെങ്കിലും കെ.എൽ.രാഹുലിലുള്ള വിശ്വാസം സെലക്ടർമാർക്ക് നഷ്‌ടപ്പെട്ടില്ല. മായങ്ക് അഗർവാൾ വിൻഡീസിനെതിരായ പരമ്പരയിൽ ഉണ്ടായിരുന്നെങ്കിലും കളിച്ചില്ല. മികച്ച ആഭ്യന്തര റെക്കാഡുള്ള മായങ്കിന് ആസ്ട്രേലിയൻ പര്യടനത്തിൽ അവസരം നൽകുമോയെന്ന് കാത്തിരുന്ന് കാണണം. സ്റ്റാർക്കിന്റെ ബൗൺസറുകളും ജോഷ് ഹാസൽവുഡിന്റെ സ്വിംഗും പാറ്ര് കുമ്മിൺസിന്റെ ക്വിക് ഡെലിവറികളും സമർത്ഥമായി നേരിടാൻ കെട്ടുറപ്പുള്ള ഓപ്പണിംഗ് ജോഡി അത്യാവശ്യമാണ്. ശിഖർ ധവാൻ,​ മുരളി വിജയ്,​ രോഹിത് ശർമ്മ എന്നിവരെയും പരിചയ സമ്പത്ത് കണക്കാക്കി പരിഗണിക്കാതിരിക്കാനാകില്ല. മധ്യനിരയിൽ കൊഹ്‌ലിയും രഹാനെയും ഫോമിലാണ്. പുജാരകൂടി ട്രാക്കിലെത്തേണ്ടതുണ്ട്. കരുൺ നായർക്ക് അവസരം കിട്ടുമോയെന്ന് കാത്തിരുന്ന് കാണണം. വൃദ്ധിമാൻ സാഹയുടെ പരിക്കിൽ അനിശ്ചിതത്വം തുടരുന്നതിനാലാണ് പന്തിനൊപ്പം വിക്കറ്ര് കീപ്പറായി ആരെ കൊണ്ടുപോകുമെന്ന ആശയക്കുഴപ്പം ഉള്ളത്.

ബൗളിംഗിൽ പേസ് സ്പിൻ ഡിപ്പാർട്ട്മെന്റുകൾ നിലവിൽ ശക്തമാണെന്നത് ഇന്ത്യയ്ക്ക് ആത്മവിശ്വാസസം വർദ്ധിപ്പിക്കുന്ന ഘടകമാണ്.