ന്യൂഡൽഹി: അഞ്ച് മാസത്തെ നേട്ടക്കുതിപ്പിന് വിരാമമിട്ട് ഇന്ത്യയിൽ നിന്നുള്ള വാണിജ്യാധിഷ്‌ഠിത കയറ്റുമതി സെപ്‌തംബറിൽ 2.15 ശതമാനം നഷ്‌ടത്തിലേക്ക് വീണു. ഇറക്കുമതി 10.45 ശതമാനം വർദ്ധിച്ചു. എന്നാൽ, ഇറക്കുമതിച്ചെലവും കയറ്റുമതി വരുമാനവും തമ്മിലെ അന്തരമായ വ്യാപാരക്കമ്മി സെപ്‌തംബറിൽ അഞ്ച് മാസത്തെ താഴ്‌ചയായ 1,398 കോടി ഡോളറിലെത്തിയത് കേന്ദ്ര സർക്കാരിനും സാമ്പത്തിക ലോകത്തിനും ആശ്വാസമായി. നടപ്പു വർഷം ഏപ്രിൽ മുതൽ സെപ്‌തംബർ വരെയുള്ള, ആറുമാസക്കാലയളവിലെ വ്യാപാരക്കമ്മി 9,432 കോടി ഡോളറാണ്.
കഴിഞ്ഞമാസം കയറ്റുമതി ഇടിഞ്ഞെങ്കിലും, ഈ മേഖലയിലെ സുപ്രധാന വിഭാഗങ്ങളായ പെട്രോളിയം ഉത്‌പന്നങ്ങൾ (26.8 ശതമാനം), കെമിക്കൽസ് (16.9 ശതമാനം), ഫാർമ (3.8 ശതമാനം), വസ്‌ത്രം (3.6 ശതമാനം) എന്നിവ നേട്ടമാണ് കുറിച്ചത്. അതേസമയം, കഴിഞ്ഞമാസം മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പം രണ്ടുമാസത്തെ ഉയർച്ചയായ 5.13 ശതമാനത്തിലെത്തിയത് നിരാശയായി. കഴിഞ്ഞവർഷം സെപ്‌തംബറിൽ 3.14 ശതമാനവും കഴിഞ്ഞ ആഗസ്‌റ്റിൽ 4.53 ശതമാനവുമായിരുന്നു ഇത്. റീട്ടെയിൽ നാണയപ്പെരുപ്പം കഴിഞ്ഞമാസം 3.69 ശതമാനത്തിൽ നിന്ന് 3.77 ശതമാനമായി വർദ്ധിച്ചിരുന്നു.