ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്ത്. പ്രസംഗങ്ങൾ നടത്തിയും ജീവിതം ആസ്വദിച്ചും നടന്ന പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളുടെ പട്ടിണി മാറ്റുന്നതിനായി ഒന്നും തന്നെ ചെയ്തില്ലെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. പട്ടിണി അലട്ടുന്ന രാജ്യങ്ങളുടെ ആഗോളപട്ടികയിൽ നൈജീരിയക്കൊപ്പം ഇന്ത്യ 103ാം സ്ഥാനത്തെത്തിയത് ചൂണ്ടിക്കാട്ടിയായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം.
രാജ്യത്തിന്റെ കാവൽക്കാരൻ ധാരാളം പ്രസംഗിച്ചു, എന്നാൽ ജനങ്ങളുടെ വിശപ്പിനെക്കുറിച്ച് അദ്ദേഹം മറന്നു. ഏറെ യോഗ ചെയ്ത് ജീവിതം ആസ്വദിച്ചപ്പോൾ ജനങ്ങൾക്ക് ഭക്ഷണം നൽകാനും അദ്ദേഹം മറന്നു’രാഹുൽ പറഞ്ഞു. ട്വിറ്ററിലൂടെയാണ് രാഹുൽ ഗാന്ധിയുടെ പരിഹാസം. 2017ൽ നൂറാം സ്ഥാനത്തായിരുന്നു ഇന്ത്യ. ശ്രീലങ്ക, നേപ്പാൾ, ബംഗ്ലാദേശ് എന്നിവയുടെ പിന്നാലായാണ് ഇത്തവണ ഇന്ത്യയുടെ സ്ഥാനം.