kadakampally-surendran

തിരുവനന്തപുരം: ദേവസ്വം ബോർഡുകൾക്ക് കീഴിലെ ക്ഷേത്രങ്ങളിലെ വരവ് ചെലവ് കണക്കുകൾ വിശദമാക്കി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്‌റ്റ്. ദേവസ്വം ബോർഡ് ജീവനക്കാരുടെ ശമ്പളം, പെൻഷൻ ഇനത്തിൽ വേണ്ടി വരുന്ന 487 കോടി രൂപ ഉൾപ്പെടെ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ക്ഷേത്രങ്ങളുടെ നടത്തിപ്പിന് കഴിഞ്ഞ സാമ്പത്തിക വർഷം വേണ്ടി വന്നത് 678 കോടി രൂപയാണെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേത്രങ്ങളിൽ കാണിക്കയിടരുതെന്നും ക്ഷേത്രങ്ങളിൽ നിന്നും ലഭിക്കുന്ന സംഭാവന സർക്കാർ മറ്റാവശ്യങ്ങൾക്ക് ചെലവഴിക്കുകയാണെന്നുമുള്ള പ്രചാരണം ശക്തമായതോടെയാണ് മന്ത്രി രണ്ടാം തവണയും വിശദീകരണവുമായി രംഗത്തെത്തിയത്.

കുറിപ്പിന്റെ പൂർണരൂപം

2017 - 18 കാലയളവിൽ ശബരിമല ഉൾപ്പടെയുള്ള ക്ഷേത്രങ്ങളിൽ നിന്നും തിരുവിതാംകൂർ ദേവസ്വം ബോർഡിന് ആകെ ലഭിച്ചത് 683 കോടി രൂപയാണ്. ദേവസ്വം ബോർഡിന് കീഴിലുള്ള 1249 ക്ഷേത്രങ്ങളിൽ ചിലവിനെക്കാൾ വരുമാനമുള്ളത് 61 ക്ഷേത്രങ്ങളിൽ മാത്രമാണ്. 1188 ക്ഷേത്രങ്ങൾ പ്രവർത്തിക്കുന്നത് ശബരിമല ഉൾപ്പെടെ 61 ക്ഷേത്രങ്ങളിലെ വരുമാനവും സർക്കാർ സഹായവും ഉപയോഗിച്ചാണ്.

ഈ കാലയളവിൽ ശബരിമലയിൽ നിന്ന് കാണിക്ക, വഴിപാട്, ലേലം, ബുക് സ്റ്റാൾ എന്നീ ഇനങ്ങളിലെല്ലാമായി ലഭിച്ചത് 342 കോടി രൂപയാണ്. ഇതിൽ 73 കോടി രൂപ ശബരിമലയിലെ ചെലവുകൾക്കായി വിനിയോഗിച്ചു. പ്രതിവർഷം തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ജീവനക്കാരുടെ ശമ്പളത്തിന് വേണ്ടി മാത്രം ചെലവഴിക്കേണ്ടി വരുന്നത് 354 കോടി രൂപയാണ്. പെൻഷൻ നൽകാൻ വേണ്ടിവരുന്നത് 133 കോടി രൂപയാണ്. ശമ്പളം, പെൻഷൻ ഇനത്തിൽ ആകെ ചിലവാക്കുന്ന 487 കോടി രൂപ ഉൾപ്പെടെ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ക്ഷേത്രങ്ങളുടെ നടത്തിപ്പിന് കഴിഞ്ഞ സാമ്പത്തിക വർഷം വേണ്ടി വന്നത് 678 കോടി രൂപയാണ്.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും, ശബരിമലയിലെയും പണം സംസ്ഥാന സർക്കാർ എടുക്കുന്നുവെന്ന വ്യാജപ്രചാരണം വ്യാപകമായ സാഹചര്യത്തിലാണ് വരവ് ചെലവ് കണക്കുകൾ ദേവസ്വം ബോർഡിനോട് ആവശ്യപ്പെട്ടത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നീക്കിയിരുപ്പ് തുക ദേവസ്വം ബോർഡിന്റെ കരുതൽ നിക്ഷേപമായി സൂക്ഷിച്ചിരിക്കുകയാണ്, അതിൽ സംസ്ഥാന സർക്കാർ കൈ കടത്താറില്ല.

കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാനത്തെ ദേവസ്വം ബോർഡുകൾക്കായി 70 കോടി രൂപയാണ് സംസ്ഥാന സർക്കാരിന്റെ ദേവസ്വം വകുപ്പ് മാത്രം നൽകിയത്. റോഡുകൾ, ജലവിതരണം തുടങ്ങി വിവിധ സർക്കാർ വകുപ്പുകൾ ചെലവാക്കുന്ന കോടിക്കണക്കിന് രൂപ ഇതിന് പുറമെയാണ്. വസ്തുതകൾ ഇതായിരിക്കേ, തെറ്റിദ്ധാരണകൾ പരത്തി ക്ഷേത്രങ്ങളിലെ ദൈനംദിന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താനും, നാട്ടിലെ സമാധാനാന്തരീക്ഷം തകർക്കാനും ആസൂത്രിതമായ ശ്രമം നടക്കുകയാണ്.