crime

ചാരുംമൂട്: വിവാഹമോചനം നേടിയ യുവതി അവിഹിതബന്ധത്തിലൂടെ പ്രസവിച്ച കുഞ്ഞ‌ിനെ ശ്വാസംമുട്ടിച്ചു കൊന്നു. നൂറനാട് ഇടപ്പോൺ കളരിയ്ക്കൽ വടക്കതിൽ അഞ്ജനയാണ് (36 ) ഈ കടുംകൈ ചെയ്തത്.

കഴിഞ്ഞ ഞായറാഴ്ച രാവിലെ പത്തിനാണ് അഞ്ജന കുടുംബ വീട്ടിൽ പെൺകുഞ്ഞിന് ജൻമം നൽകിയത്. രക്തസ്രാവത്തെത്തുടർന്ന് ആശുപത്രിയിലെത്തിച്ചു. കൈവശമുണ്ടായിരുന്ന ബാഗിൽ നവജാത ശിശുവിന്റെ മൃതദേഹവും കൊണ്ടുവന്നിരുന്നു. പ്രസവിച്ചയുടൻ കുട്ടി മരിച്ചെന്നാണ് അഞ്ജന പറഞ്ഞത്. ആലപ്പുഴ മെഡി. കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് കൊലപാതകമാണെന്ന് വ്യക്തമായത്. ശ്വാസം മുട്ടിച്ചും കഴുത്ത് ഞെരിച്ചുമാണ് കൊലപ്പെടുത്തിയത്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്താലുടൻ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് നൂറനാട് എസ്.ഐ വി. ബിജു പറഞ്ഞു.

രക്തസ്രാവത്തെ തുടർന്ന് ആശാ വർക്കറെയാണ് അഞ്ജന ആദ്യം വിവരമറിയിച്ചത്. ഇവരെത്തി മാവേലിക്കര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.