ന്യൂഡൽഹി: അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ വിവാദമായതിന് പിന്നാലെ വിശദീകരണവുമായി ശശിതരൂർ എം.പി. ഇക്കാര്യത്തിൽ ബി.ജെ.പി അടക്കമുള്ള തീവ്ര സംഘടനകൾ തരൂരിനെതിരെ വിമർശനമുന്നയിച്ചതോടെയാണ് അദ്ദേഹത്തിന്റെ വിശദീകരണം.
മിക്ക ഹിന്ദുക്കൾക്കും അവർ രാമജന്മഭൂമിയെന്ന് വിശ്വസിക്കുന്ന സ്ഥലത്ത് ക്ഷേത്രം വേണമെന്ന് ആഗ്രഹമുണ്ടാവുമെന്നും എന്നാൽ മറ്റുള്ളവരുടെ ആരാധനാലയം തകർത്ത് ക്ഷേത്രം നിർമ്മിക്കണമെന്ന് ഒരു നല്ല ഹിന്ദുവും ആഗ്രഹിക്കുന്നില്ലെന്നുമാണ് ഞാൻ പറഞ്ഞത്. എന്റെ അഭിപ്രായം വ്യക്തിപരമാണ്. കോൺഗ്രസ് പാർട്ടിയുടേതല്ല. നീചമായ രീതിയിൽ തന്റെ വാക്കുകൾ വളച്ചൊടിച്ചതിനെ അപലപിക്കുന്നുവെന്നും ശശിതരൂർ ട്വിറ്ററിലൂടെ വ്യക്തമാക്കി. ഞായറാഴ്ച ചെന്നൈയിൽ ഒരു ചടങ്ങിൽ പങ്കെടുക്കവെ നടത്തിയ പരാമർശങ്ങളാണ് വിവാദമായത്.
അയോദ്ധ്യയിലെ തർക്കഭൂമിയിൽ നല്ല ഹിന്ദുക്കൾ രാമക്ഷേത്രം ആഗ്രഹിക്കുന്നില്ലെന്ന് ശശിതരൂർ പറഞ്ഞെന്ന മാദ്ധ്യമ റിപ്പോർട്ടുകളെ തുടർന്ന് തരൂരിനെതിരെ ബി.ജെ.പി രൂക്ഷവിമർശനവുമായെത്തിയിരുന്നു. അയോദ്ധ്യ വിഷയത്തിൽ അഭിപ്രായം പറയാൻ ശശി തരൂരിനെയും കോൺഗ്രസിനെയും ആരാണ് ചുമതലപ്പെടുത്തിയതെന്ന് ബി.ജെ.പി നേതാവ് നളിൻ കൊഹ്‌ലി ചോദിച്ചിരുന്നു. നല്ല ഹിന്ദുവെന്നും ചീത്ത ഹിന്ദുവെന്നും സർട്ടിഫിക്കറ്റ് നൽകാൻ തരൂർ ആരാണ്. കോടിക്കണക്കിന് പേരുടെ വിശ്വാസങ്ങളെ വച്ച് കളിക്കാൻ തരൂർ ആരാണെന്നും നളിൻ ചോദിച്ചിരുന്നു. ഇതിന് പിന്നാലെ രൂക്ഷ പ്രതികരണവുമായി കൂടുതൽ ബി.ജെ.പി നേതാക്കൾ രംഗത്തെത്തിയതോടെയാണ് തരൂർ വിശദീകരണവുമായി എത്തിയത്.