റിയാദ്: ലോകമെമ്പാടുമുള്ള ഫുട്ബാൾ പ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്ന അർജന്റീനയും ബ്രസീലും തമ്മിലുള്ള സൗഹൃദ ഫുട്ബാൾ പോരാട്ടത്തിന് ഇന്ന് പന്തുരുളും. സൗദി അറേബ്യയിലെ ജിദ്ദയിലെ കിംഗ് അബ്ദുള്ള സ്പോർട്സ് സിറ്രിയിൽ ഇന്ത്യൻ സമയം രാത്രി 11.30നാണ് മത്സരത്തിന്റെ കിക്കോഫ്. സൗഹൃദമത്സരമാണെങ്കിലും ചിരവൈരികളായ ഇരുടീമും മുഖാമുഖം വന്ന മത്സരങ്ങളെല്ലാം ആരാധകർക്ക് ആഘോഷ നിമിഷങ്ങളാണ് സമ്മാനിച്ചിട്ടുള്ളത്.
ഇതിഹാസതാരവുംനായകനുമായ ലയണൽ മെസിയില്ലാതെയാണ് അർജന്റീനയിറങ്ങുന്നത്. മെസിയെക്കൂടാതെ സെർജിയോ അഗ്യൂറോ, ഗോൺസ്വാലോ ഹിഗ്വയിൻ, എയ്ഞ്ചൽ ഡിമരിയ തുടങ്ങിയ മുൻനിരക്കാരൊന്നുമില്ലാതെ യുവരക്തത്തിൽ വിശ്വാസമർപ്പിച്ചാണ് അർജന്റീനയുടെ പടയൊരുക്കം. മറുവശത്ത് നെയ്മർ, കൗട്ടീഞ്ഞോ, കസീമിറോ തുടങ്ങിയ പ്രമുഖരെല്ലാം ഉൾപ്പെട്ട ശക്തമായ ടീമിനെയാണ് ബ്രസീൽ അണിനിരത്തുന്നത്.
കഴിഞ്ഞയാഴ്ച ഇവിടെ ഇറാക്കിനെ മറുപടിയില്ലാത്ത നാല് ഗോളുകൾക്ക് വീഴ്ത്തിയ അർജന്റീൻ യുവനിര ബ്രസീലിന് ശക്തമായ മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. സൗദി അറേബ്യയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് വീഴ്ത്തിയ ബ്രസീലും ശക്തമായ സന്ദേശമാണ് എതിരാളികൾക്ക് നൽകിയിരിക്കുന്നത്. 2019ൽ ബ്രസീലിൽ നടക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിനായുള്ള മുന്നൊരുക്കം കൂടിയാണ് രണ്ടാ ടീമുകൾക്കും ഈ മത്സരം.
ഇതുവരെ മുഖാമുഖം വന്നിട്ടുള്ള 104 മത്സരങ്ങളിൽ 40 എണ്ണെത്തിൽ ബ്രസീലിനായിരുന്നു ജയം. 38 എണ്ണത്തിൽ അർജന്റീന ജയിച്ചപ്പോൾ 26 എണ്ണം സമനിലയായി. ലോകകപ്പിന് ശേഷം കളിച്ച മൂന്ന് സൗഹൃദ മത്സരങ്ങളിലും ആധികാരിക ജയം ബ്രസീൽ നേടിയിരുന്നു.ലോകകപ്പിന് ശേഷമുള്ള ആദ്യ മത്സരത്തിൽ യു.എസ്.എ 2-0ത്തിനും എൽസാൽവദോറിനെ 5-0ത്തിനും സൗദി അറേബ്യയെ 2-0ത്തിനുമാണ് ബ്രസീൽ തോൽപിച്ചത്.
അർജന്റീന ലോകകപ്പിന് ശേഷം കളിച്ച മൂന്ന് സൗഹൃദമത്സരങ്ങളിൽ രണ്ടെണ്ണത്തിൽ ജയിച്ചപ്പോൾ ഒരെണ്ണം സമനിലയായി. ലോകകപ്പിന് ശേഷമുള്ള ആദ്യ സൗഹൃദ പോരാട്ടത്തിൽ ഗ്വാട്ടിമാലയെ 3-0ത്തിന് തോൽപിച്ച അവർ അടുത്ത മത്സരത്തിൽ കെളംബിയയോട് ഗോൾ രഹിത സമനിലയിൽ കുടുങ്ങി. അവസാനം കളിച്ച മത്സരത്തിൽ ഇറാഖിനെ 3-0ത്തിന് തോൽപ്പിച്ച് യുവതാരങ്ങൾ മാറ്ര് തെളിയിക്കുകയും ചെയ്തു.
അടുത്ത ലോകകപ്പ് ലക്ഷ്യം വച്ചാണ് താത്കാലിക കോച്ച് ലയണൽ സ്‌കാലോണിയുടെ കീഴിൽ അർജന്റീന ഒരുങ്ങുന്നത്. ആ മത്സരത്തിൽ ഗോൾ നേടിയ മാർട്ടിനസ്, പെരേയ്‌ര, പെസല്ല, കെർവി എന്നിവരെല്ലാം രാജ്യത്തിനായി തങ്ങളുടെ ആദ്യഗോളാണ് കണ്ടെത്തിയത്. ഡിബാലയും ഇകാർഡിയും ഇന്ന് ആദ്യമുതൽ കളിച്ചേക്കുമെന്നാണ് സൂചനകൾ.
നെയ്‌മറുടെ നേതൃത്വത്തിൽ അടുത്ത ലോകകപ്പ് എന്ന ലക്ഷ്യം തന്നെയാണ് ബ്രസീൽ കോച്ച് ടിറ്രെയുടെ മുന്നിലുമുള്ളത്. കൗട്ടീഞ്ഞോ, കസീമിറോ, ഗബ്രിയേൽ ജീസസ് എന്നിവരെല്ലാം ഉൾപ്പെടുന്ന ബ്രസീൽ നിരയെ പടിച്ചുകെട്ടുകയെന്നത് അർജന്റീനൻ യുവ നിരയ്ക്ക് ഏറെ കഠിനമായ പണിയാണ്. ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ ജീസസ് കഴിഞ്ഞ മത്സരത്തിൽ ഗോൾ നേടി തിരിച്ചുവരവ് ഗംഭീരമാക്കിയിരിക്കുകയാണ്.