കൊച്ചി: മമ്മൂട്ടിയുടെ 'പുള്ളിക്കാരൻ സ്റ്റാറാ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ തന്നോട് അപമര്യാദയായി പെരുമാറിയെന്ന യുവനടി അർച്ചന പദ്മിനിയുടെ പരാതിയിൽ പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ് ഷെറിൻ സ്റ്റാൻലിക്കെതിരെ നടപടി. ഷെറിനെ അനിശ്ചിത കാലത്തേക്ക് സസ്‌പെൻഡ് ചെയ്യാനാണ് തീരുമാനം. ഇക്കാര്യത്തിൽ നടി നടത്തിയ വെളിപ്പെടുത്തൽ വിവാദമായതോടെയാണ് പ്രൊഡക്ഷൻ യൂണിയനും ഫെഫ്‌കയും നടപടിയെടുത്തത്.
നേരത്തെ നടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഷെറിനെതിരെ നടപടിയെടുത്തിരുന്നുവെങ്കിലും പിന്നീട് സംഘടനയിലേക്ക് തിരിച്ചെടുത്തു. ഷെറിനെ സംഘടനയിലേക്ക് തിരിച്ചെടുത്ത പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് ബാദുഷ അടക്കമുള്ളവർക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് വിവരം. പ്രൊഡക്ഷൻ യൂണിയന്റെ സെക്രട്ടറിയേയും പ്രസിഡന്റിനേയും വിളിച്ച് വരുത്തി വിശദീകരണം തേടിയതായും ഫെഫ്‌ക ഭാരവാഹികളും അറിയിച്ചിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് വനിതാ സിനിമാ പ്രവർത്തകർ നടത്തിയ വാർത്താ സമ്മേളനത്തിനിടെ അർച്ചനാ പദ്മിനി നടത്തിയ മീ ടൂ വെളിപ്പെടുത്തൽ ഏറെ വിവാദങ്ങൾ സൃഷ്‌ടിച്ചിരുന്നു. മമ്മൂട്ടിയുടെ 'പുള്ളിക്കാരൻ സ്റ്റാറാ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ് ഷെറിൻ സ്റ്റാൻലി തന്നോട് മോശമായി പെരുമാറി. ഇതിനെതിരെ ഫെഫ്‌കയ്ക്ക് പരാതി നൽകി. സംവിധായകൻ ബി.ഉണ്ണികൃഷ്ണനാണ് പരാതി സ്വീകരിച്ചത്. സിബി മലയിൽ, സോഹൻ സിനുലാൽ തുടങ്ങിയവർ ചർച്ചയ്ക്ക് വിളിച്ചെങ്കിലും നടപടി ഒന്നും ഉണ്ടായില്ല. സിനിമയിൽ തനിക്ക് അവസരങ്ങൾ നഷ്ടപ്പെട്ടു. എന്നാൽ തന്നോട് മോശമായി പെരുമാറിയ ആൾ ഇപ്പോഴും സിനിമയിൽ സജീവമാണെന്നും അർച്ചന ആരോപിച്ചിരുന്നു.