mukesh-and-shammy-thilaka

തിരുവനന്തപുരം: അമ്മയ്ക്കെതിരെ വനിതാ കൂട്ടായ്മയിലെ അംഗങ്ങൾ നടത്തിയ വാർത്താ സമ്മേളനത്തിന് പിന്നാലെ സിനിമാമേഖലയിലെ അസമത്വത്തെക്കുറിച്ചും അനീതിയെക്കുറിച്ചുമുള്ള ചർച്ചകളും ചൂടുപിടിച്ചിരുന്നു. ഇപ്പോഴിതാ സിനിമ മേഖലയിൽ അവസര നിഷേധമുണ്ടെന്ന് വെളിപ്പെടുത്തി നടൻ ഷമ്മി തിലകൻ രംഗത്തെത്തിയിരിക്കുന്നു. ഇതിന് തെളിവായി വിനയന്റെ സിനിമയിൽ അഭിനയിക്കരുതെന്ന് മുകേഷ് പറഞ്ഞതായി ഷമ്മി തിലകൻ പറഞ്ഞു. സിനിമയിൽ ജോലി സാദ്ധ്യത ഇല്ലാതാക്കലോ അവസര നിഷേധമോ ഇല്ലെന്ന നടൻ സിദ്ദിഖിന്റെ പരാമർശങ്ങളോട് പ്രതികരിക്കിുകയായിരുന്നു അദ്ദേഹം.

'വിനയന്റെ ചിത്രത്തിൽ അഭിനയിക്കുന്നതിനായി താൻ അഡ്വാൻസ് വാങ്ങിയതായിരുന്നു. എന്നാൽ മുകേഷ് ഇടപെട്ട് തന്നെക്കൊണ്ട് നിർബന്ധിച്ച് തുക തിരിച്ചുകൊടുപ്പിച്ചു. ഈ വിഷയം കോടതിയിൽ പറഞ്ഞിട്ടുമുണ്ട്. ഈക്കാര്യം മുകേഷ് നിഷേധിച്ചിട്ടുമില്ല. നിഷേധിക്കാൻ കഴിയുകയുമില്ല'- ഷമ്മി പറഞ്ഞു.

ഇതിന് തന്റെ കൈയിൽ വ്യക്തമായ തെളിവുണ്ട്. ഭയന്നുകൊണ്ടാണ് അന്ന് വഴങ്ങിയത്. എന്തിന് വേണ്ടിയാണ് എന്നെ പുറത്താക്കിയതെന്ന് വ്യക്തമായി അറിയാമെന്നും ഷമ്മി കൂട്ടിച്ചേർത്തു. തിലകന്റെ മകനായതുകൊണ്ടാണ് എന്നോടും ഇത്തരം സമീപനം. അച്ഛനോട് ചെയ്ത തെറ്റ് കാരണം എന്നെ അഭിമുഖീകരിക്കാനുള്ള ബുദ്ധിമുട്ടും ഒരു കാരണമാകാമെന്നും അദ്ദേഹം വ്യക്തമാക്കി.