rahul1

ന്യൂഡൽഹി: ശത്രുസംഹാരത്തിന് പേരുകേട്ട ദാത്തിയയിലെ പ്രശസ്ത മായ പീതാംബര പീഠ് ദേവീ ക്ഷേത്രത്തിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി കുമ്പിട്ടിരുന്നു. അവിടത്തെ ശക്തിപീഠിൽ അരമണിക്കൂറോളം നീണ്ട പൂജകൾക്കുശേഷമാണ് രണ്ടു ദിവസത്തെ മദ്ധ്യപ്രദേശ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടത്.വെള്ള കൂർത്തയും കാവിയുമണിഞ്ഞ് ചമ്രംപടിഞ്ഞിരുന്ന് പൂജ ചെയ്യുന്ന രാഹുലിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി.

പി.സി.സി അദ്ധ്യക്ഷൻ കമൽനാഥ്, തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ജ്യോതിരാദിത്യസിന്ധ്യ തുടങ്ങിയവർ രാഹുൽ ഗാന്ധിയെ അനുഗമിച്ചു.ക്ഷേത്രകാര്യങ്ങൾ കൈകാര്യ ചെയ്യുന്ന പീതാംബര ട്രസ്റ്റിന്റെ ചെയർപേഴ്സൺ രാജസ്ഥാനിലെ ബി.ജെ.പി മുഖ്യമന്ത്രി വസുന്ധരരാജെ സിന്ധ്യയാണ്. 51 ശക്തീ പീഠങ്ങളിൽ ഒന്നാണ് ദാത്തിയ ക്ഷേത്രത്തിലേത്. നെഗറ്റീവ് എനർജിയെയും ശത്രുക്കളെയും ഇല്ലാതാക്കി വിജയം നേടാൻ സഹായിക്കുമെന്നാണ് വിശ്വാസം.ഇന്ദിരാഗാന്ധി 79ലും 80ലും ക്ഷേത്രം സന്ദർശിച്ചിട്ടുണ്ടെന്ന് കോൺഗ്രസ് വക്താവ് പങ്കജ് ചതുർവേദി പറഞ്ഞു.പ്രധാനമന്ത്രിയായ ശേഷം രാജീവ് ഗാന്ധിയും ക്ഷേത്രത്തിലെത്തിയിട്ടുണ്ട്.
നാലു റോഡ് ഷോകളും 5 പൊതുയോഗങ്ങളിലുമാണ് രണ്ടുദിവസത്തെ സന്ദർശനത്തിൽ രാഹുൽ പങ്കെടുക്കുക. ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായും സംസ്ഥാനത്ത് പ്രചാരണം നടത്തുന്നുണ്ട്. നവംബർ 28നാണ് നിയമസഭാ തിരഞ്ഞെടുപ്പ്.