jayasurya

ദുബായ്: ശ്രീലങ്കൻ ഇതിഹാസ താരം സനത് ജയസൂര്യയ്ക്കെതിരെ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ. ഐ.സി.സിയുടെ അഴിമതി വിരുദ്ധ യൂണിറ്രാണ് ജയസൂര്യയ്ക്കെതിരെ നടപടിക്കൊരുങ്ങുന്നത്. ഈ മാസമാദ്യമാണ് ഐ.സി.സിയുടെ അഴിമതി വിരുദ്ധ ഏജൻസിയുടെ ജനറൽ മാനേജർ അലക്സ് മാർഷൽ ശ്രീലങ്കൻ ക്രിക്കറ്റിലെ അഴിമതി ആരോപണങ്ങളിൽ ജയസൂര്യ ഉൾപ്പെടെയുള്ളവർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. അഴിമതി വിരുദ്ധ ചട്ടം ലംഘിച്ചെന്ന് കണ്ടെത്തിയ ജയസൂര്യയ്ക്കെതിരെ അഴിമതി വിരുദ്ധ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജയസൂര്യ അഴിമതി വിരുദ്ധ ചട്ടത്തിലെ രണ്ട് നിയമങ്ങൾ തെറ്രിച്ചെന്നാണ് സമിതിയുടെ കണ്ടെത്തൽ. അദ്ദേഹം അന്വേഷണവുമായി യാതൊരു വിധത്തിലും സഹകരിക്കുന്നില്ലെന്നും അഴിമതി വിരുദ്ധ ഏജൻസി വ്യക്തമാക്കുന്നു. ശ്രീലങ്കൻ ക്രിക്കറ്റിലെ ഒത്തുകളി ഉൾപ്പെടെയുള്ള വിഷയങ്ങളാണ് അഴിമതി വിരുദ്ധ ഏജൻസി അന്വേഷിക്കുന്നത്.

ജയസൂര്യ സെലക്‌ഷൻ കമ്മിറ്രി ചെയർമാനായിരുന്ന സമയത്ത് 2017ജൂലായിൽ ശ്രീലങ്കയും സിംബാബ്‌വെയും തമ്മിൽ നടന്ന ഏകദിന പരമ്പരയിലെ നാലാം മത്സരവുമായി ബന്ധപ്പെട്ടാണ് താരത്തിനെതിരെ പ്രധാനമായും ആരോപണമുയർന്നിരിക്കുന്നത്.14 ദിവസത്തിനുള്ളിൽ ജയസൂര്യയോട് വിശദീകരണം നൽകണമെന്ന് അന്ത്യശാസനം നൽകിയിരിക്കുകയാണ് ഐ.സി.സി.