kohli

ദുബായ്: ഇന്റർനാഷണൽ ക്രിക്കറ്ര് കൗൺസിലിന്റെ പുതിയ ടെസ്റ്റ് റാങ്കിംഗിലും ബാറ്റ്സ്മാൻമാരിൽ ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലി ഒന്നാം സ്ഥാനം നിലനിറുത്തി. വെസ്‌റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ തകർപ്പൻ ബാറ്രിംഗുമായി അരങ്ങേറിയ യുവതാരം പൃത്വി ഷാ അറുപതാം റാങ്കിലെത്തി. വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാൻ റിഷഭ് പന്ത് 23 സ്ഥാനം കടന്ന് 62ൽ എത്തി. അജിങ്ക്യ രഹാനെ 18-ാം റാങ്കിലെത്തിയപ്പോൾ ബൗളർമാരിൽ ഉമേഷ് യാദവ് നാല് സ്ഥാനം കടന്ന് 25-ാം റാങ്കിൽ എത്തി.ഇംഗ്ലണ്ട് താരം ജയിംസ് ആൻഡേഴ്സൺ ഒന്നാം റാങ്കിലുള്ള ബൗള‌ർമാരുടെ പട്ടികയിൽ നാലാംസ്ഥാനത്തുള്ള രവീന്ദ്ര ജഡേജയും 8-ം സ്ഥാനത്തുള്ള ആർ. അശ്വിനുമാണ് ആദ്യ പത്ത് റാങ്കിൽ ഉൾപ്പെട്ട ഇന്ത്യൻ താരങ്ങൾ. ബംഗ്ലാദേശ് ആൾറൗണ്ടർ ഷാക്കിബ് അൽ ഹസൻ ഒന്നാം സ്ഥാനത്തുള്ള ആൾറൗണ്ടർമാരുടെ റാങ്കിംഗിൽ ജഡേജയാണ് രണ്ടാം സ്ഥാനത്ത്.