തിരുവനന്തപുരം: കേരളാ പൊലീസിന്റെ വാഹന പരിശോധനയിൽ പെട്ടിട്ടുണ്ടോ? മാസവസാനം ക്വാട്ട തികയ്‌ക്കാൻ വഴിയരികിൽ പതുങ്ങി നിന്ന് ചാടിവീഴുന്ന ഭീകരമുഖമാകും മിക്കവരുടെയും മനസിലേക്ക് ഓടിയെത്തുക. എന്നാൽ വാഹന പരിശോധന നടത്തുന്നത് പൊതുജനങ്ങളുടെ സുരക്ഷയെക്കരുതിയാണെന്ന് വിശദീകരിക്കുന്ന കേരളാ പൊലീസിന്റെ ഫേസ്ബുക്ക് പോസ്‌റ്റ് വായിച്ചാൽ നിങ്ങളുടെ ഈ ചിന്താഗതിയിൽ ചിലപ്പോൾ ഒരു മാറ്റം കണ്ടേക്കാം. സുരക്ഷയാണ് പ്രധാനം ഒഴിവുകഴിവുകൾ വേണ്ട എന്ന തലക്കെട്ടിൽ പോസ്‌റ്റ് ചെയ്‌ത കുറിപ്പ് ഇപ്പോൾ ഫേസ്ബുക്കിൽ വൈറലാണ്.
കുറിപ്പിന്റെ പൂർണരൂപം
സുരക്ഷയാണ് പ്രധാനം; ഒഴികഴിവുകൾ വേണ്ട
വാഹനപരിശോധനയിലൂടെ നിങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ഓർമപ്പെടുത്തലാണ് പോലീസ് നിർവഹിക്കുന്നത്.
ഒഴികഴിവുകളും ന്യായീകരണങ്ങളും നിങ്ങളുടെ ജീവൻ രക്ഷിക്കാൻ ഉപകരിക്കില്ല.
റോഡിൽ വാഹനപരിശോധന വേളയിൽ
ഹെൽമറ്റ് ധരിക്കാതെ വരുന്ന മോട്ടോർ സൈക്കിൾ
ഓടിച്ചുവരുന്നവരോട് ഹെൽമറ്റിനെ കുറിച്ച് ചോദിച്ചാൽ അവർ പറയുന്ന മറുപടികൾ ശ്രദ്ധിച്ചിട്ടുണ്ടോ...?
സർ...ഞാൻ ഒരു മരണവീട്ടിലേക്ക് പോയി വരികയാണ്....
സാറേ ആശുപത്രിയിൽ പോകുകയാണ്...
മരുന്ന് വാങ്ങാൻ പോവുകയാണ്,
വീട് തൊട്ടടുത്താണ് സാർ,
സർ, ഞാൻ ആ കടയിൽ നിന്ന്ഇറങ്ങിയതേയുള്ളൂ...
എനിക്ക് കഴുത്തിന് അസുഖമാ...അതാ ഹെൽമറ്റ് വെക്കാതിരുന്നത്...
ചിലർ .....അവരുടെ ഉദ്യോഗപ്പേര് പറയുന്നു...
ചിലർ .....വളരെ ഗൗരവത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെയോ രാഷ്ട്രീയക്കാരുടെയോ പേരുപറയുന്നു..അവർക്കിതൊന്നും ബാധകമല്ലെന്ന മട്ടിൽ സംസാരിക്കുന്നു
ചിലർ കാലത്തു തന്നെ തുടങ്ങി പോലീസിൻ്റെ പിരിവ് എന്ന് പിറുപിറുത്ത് രൂക്ഷമായി നോക്കുന്നു....
ചിലർ ഇത് കോണ്ടുപോയി ജീവിക്ക് എന്ന മട്ടിൽ
പ്രാകുന്നു,ദേഷ്യത്തിൽ ഫൈൻഅടക്കാൻ തയ്യാറാകുന്നു.
ചിലർ ചില്ലറ കൈവശം ഉണ്ടെങ്കിലും
അഹങ്കാരത്തോടെ 2000/-രൂപ നോട്ട് നീട്ടുന്നു.
ഒന്നര ലക്ഷം രൂപയുടെ ബുള്ളറ്റിൽ
ഹെൽമറ്റ് വെയ്ക്കാതെ വന്നതിന് 100/- രൂപ ഫൈനടയ്ക്കാൻ പറയുമ്പോൾ
100രൂപ പേഴ്സിൽ കാണാതെ ചില്ലറ തിരിയുന്ന ചിലർ
പോലീസുദ്യോഗസ്ഥർ വാഹനം കൈകാണിച്ച്
നിർത്താൻ ആവശ്യപെടുമ്പോൾ
ചില വില്ലൻമാർ മോട്ടോർ സൈക്കിൾ നിർത്താതെ ഓടിച്ചുപോകുന്നു..
ചിലർ വാഹന പരിശോധന മൊബൈലിൽ പകർത്തി ആസ്വദിക്കുന്നു.
ഓർക്കുക ! ഒഴികഴിവുകളും ന്യായീകരണങ്ങളും നിങ്ങളുടെ ജീവൻ രക്ഷിക്കാൻ ഉപകരിക്കില്ല.
നിങ്ങളുടെ സുരക്ഷയാണ് ഞങ്ങളുടെ ലക്ഷ്യം...
മാത്രമല്ല, വാഹന മോഷ്ടാക്കൾ, ലഹരിവസ്തുകടത്തുന്നവർ, കള്ളക്കടത്തു സംഘങ്ങൾ തുടങ്ങി പല ക്രിമിനലുകളെയും പിടികിട്ടാപുള്ളികളെയും പോലീസിന്
പിടികൂടാൻ സാധിക്കുന്നതും വാഹനപരിശോധനയ്ക്കിടെയാണ് എന്ന് കൂടി മനസിലാക്കുക. കുറ്റകൃത്യങ്ങൾ തടയാനുള്ള ഒരു ഉപാധികൂടിയാണ് ഇത്തരം പരിശോധനകൾ.
അസൗകര്യം നേരിട്ടേക്കാം, പക്ഷെ അത് നിങ്ങളുടെ സുരക്ഷക്കും, നാടിൻ്റെ രക്ഷക്കും വേണ്ടിയാണ്.