തിരുവനന്തപുരം: പേട്ട മൃഗാശുപത്രിയുടെ നവീകരണം ശിലാസ്ഥാപനത്തിൽ മാത്രം ഒതുങ്ങുന്നതായി പരാതി. എഴുപതുകൊല്ലത്തെ ജീർണിപ്പും സൗകര്യക്കുറവുംമൂലം കഷ്ടപ്പെടുന്ന പേട്ട ഗവ. വെറ്ററിനറി ആശുപത്രിക്ക് ശാപമോക്ഷമേകാനായി മേയർ കഴിഞ്ഞ ജനുവരിയിൽ പ്രഖ്യാപിച്ച പദ്ധതിയാണ് ഇത്തരത്തിൽ കുടുങ്ങിക്കിടക്കുന്നത്. ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പേട്ട മൃഗാശുപത്രി നവീകരണത്തിനായി തുക അനുവദിച്ചത്. പഴക്കമേറിയ കെട്ടിടം ഇടിച്ചുനീക്കി അത്യാധുനിക സൗകര്യങ്ങളോടെയുള്ള മൃഗാശുപത്രി സ്ഥാപിക്കാനാണ് പദ്ധതി തയ്യാറാക്കിയത്. ആശുപത്രിയുടെ പതിവു പ്രവർത്തനത്തിന് തടസമുണ്ടാകാതെ നിലവിലെ കെട്ടിടം ഘട്ടം ഘട്ടമായി ഇടിച്ച് നിരത്തി പുതിയ കെട്ടിടം നിർമ്മിക്കാമെന്നായിരുന്നു തീരുമാനം. ഇതിന്റെ ഭാഗമായി ഇവിടെ പ്രവർത്തിപ്പിച്ചിരുന്ന തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിനായുള്ള എ.ബി.സി പദ്ധതി തിരുവല്ലത്തെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
നിരങ്ങി നീങ്ങി വന്ധ്യംകരണം
തെരുവുനായ്ക്കളുടെ ആക്രമണം വർദ്ധിക്കുമ്പോഴും ലക്ഷ്യത്തിലെത്താതെ നിരങ്ങി നീങ്ങുകയാണ് നഗരസഭയുടെ വന്ധ്യംകരണ പദ്ധതി (എ.ബി.സി പ്രോഗ്രാം). പേട്ട ആശുപത്രി പുനരുദ്ധാരണം പറഞ്ഞാണ് പദ്ധതി നടത്തിപ്പ് തിരുവല്ലം മൃഗാശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ മാത്രമാണ് ഇപ്പോൾ വന്ധ്യംകരണം നടക്കുന്നത്. ഇതിനായി ഉള്ളത് ഒരു ഡോക്ടറുടെ സേവനം മാത്രമാണ്. കഴിഞ്ഞ മാസം നഗരത്തിൽ വന്ധ്യംകരിച്ചത് നൂറോളം തെരുവുനായ്ക്കളെ മാത്രമാണ്. നഗരത്തിൽ 15,000ലധികം തെരുവുനായ്ക്കളുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. വർഷം നാലായിരം നായ്ക്കളെ വന്ധ്യംകരിച്ചാൽ മാത്രമേ നാല് വർഷം കൊണ്ട് പദ്ധതി ലക്ഷ്യം കാണാനാകൂ.
പുതിയ കെട്ടിടത്തിലുണ്ടാവുന്ന സൗകര്യങ്ങൾ
#എ.ബി.സി ഒഴികെയുള്ള ഓപ്പറേഷന് അത്യാധുനിക ഓപ്പറേഷൻ തിയേറ്റർ. ഇപ്പോൾ താത്കാലിക ഓപ്പറേഷൻ തിയേറ്ററാണ്
#മൃഗങ്ങളുടെ രക്തം, മലം, മൂത്രം എന്നിവ പരിശോധിക്കാൻ ലാബ്
#പേ പ്രതിരോധ കുത്തിവയ്പും ചികിത്സയും രണ്ടിടത്താക്കും. നിലവിൽ കുത്തിവയ്പും ട്രീറ്റ്മെന്റും ഒരേ ടേബിളിലാണ് നടത്തുന്നത്.
#കോൺഫറൻസ് ഹാൾ സൗകര്യം
#സീനിയർ വെറ്ററിനറി ഡോക്ടർ, ലൈവ് സ്റ്റോക്ക് അസിസ്റ്റന്റ്, അറ്റൻഡന്റുമാർ, സ്വീപ്പർ എന്നിവരുൾപ്പെട്ട സ്റ്റാഫിന് വേണ്ടത്ര സ്ഥലം.