തിരുവനന്തപുരം: കഴിഞ്ഞ മുപ്പത്തഞ്ച് വർഷമായി മീനാക്ഷിയമ്മാളിന് ഒരു പതിവുണ്ട്. നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ചുള്ള ബൊമ്മക്കൊലു ഒരുക്കൽ. ആ പതിവ് ഇക്കുറിയും തെറ്റിച്ചില്ല. നവരാത്രി ദിനങ്ങൾക്ക് സുകൃതം പകർന്ന് ആഘോഷപൂർവം നൂറോളം പ്രതിമകളെ അണിനിരത്തിയിരിക്കുകയാണ് ഇപ്രാവശ്യവും റിട്ട. കെ.എസ്.ആർ.ടി.സി സൂപ്രണ്ടു കൂടിയായ ശ്രീവരാഹം കിള്ളിക്കോട് ലെയിൻ സൗമ്യയിൽ മീനാക്ഷിയമ്മാൾ. മീനാക്ഷിയമ്മാൾ പതിനൊന്നു തട്ടുകളിലായി ഒരുക്കിയ ബൊമ്മക്കൊലു ശ്രദ്ധേയമാകുന്നു.
ബൊമ്മക്കൊലു പൂജയിലൂടെ വിദ്യയും ഐശ്വര്യവും കൈവരുമെന്നാണ് വിശ്വാസം. കുംഭത്തിൽ നാളികേരം വച്ച് മാവില കൊണ്ട് അലങ്കരിച്ച് ദേവിയെ സങ്കല്പിച്ച് ഒൻപത് ദിവസം ഇവിടെ പൂജിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യും. രാവിലെയും വൈകിട്ടും ബൊമ്മക്കൊലുവിന് സമീപമിരുന്ന് ദേവീപാരായണം നടത്തും. സുമംഗലികളെ വിളിച്ചുവരുത്തി താബൂലം നൽകുന്നതാണ് ബൊമ്മക്കൊലുവിന്റെ മറ്റൊരു പ്രത്യേകത. നവരാത്രിയിലെ ആദ്യ മൂന്ന് ദിവസം ശക്തി ലഭിക്കാനായി ദുർഗാദേവിയെയും അടുത്ത മൂന്ന് ദിവസം സമ്പത്തിനും ഐശ്വര്യത്തിനും വേണ്ടി ലക്ഷ്മി ദേവിയെയും അവസാന മൂന്ന് ദിവസം വിദ്യാവിജയത്തിനായി സരസ്വതിദേവിയെയും പ്രത്യേകം ആരാധിക്കും. ഒരു ചെമ്പ് പാത്രത്തിൽ അരി, മഞ്ഞൾ, നാണയം, തേങ്ങ എന്നിവ വച്ച് പൂജ ചെയ്തിട്ടാണ് കൊലു ആരംഭിക്കുന്നത്. കൊലു വച്ച ദിവസങ്ങളിൽ മധുരപ്പുട്ട്, ചക്കരപ്പൊങ്കൽ, തൈര്ശാതം, വെൺപൊങ്കൽ എന്നിങ്ങനെ വൈവിദ്ധ്യമാർന്ന പലഹാരങ്ങളാണ് വീട്ടിൽ ഒരുക്കുക. കൊലു കാണാൻ എത്തുന്നവർക്കും സമീപവാസികൾക്കും ഇത് വിതരണം ചെയ്യും.
തടിയിലോ ലോഹങ്ങളിലോ നിർമിച്ച തട്ടുകളിലാണ് കൊലു ഒരുക്കേണ്ടത്. ഈ തട്ടുകൾ പടിക്കെട്ടുകൾപോലെ തയ്യാറാക്കണം. 3, 5, 7, 9 എന്നീ ഒറ്റ അക്കങ്ങൾ വരത്തക്കരീതിയിൽ വേണം തട്ടുകളുടെ എണ്ണം ക്രമപ്പെടുത്തേണ്ടത്. എന്നാൽ ബൊമ്മകളുടെ എണ്ണം കൂടിയതോടെ തടിയിൽ പ്രത്യേകമായി പതിനൊന്നു തട്ടുണ്ടാക്കി. ഇതിലാണ് എല്ലാ വർഷവും ബൊമ്മക്കൊലു ഒരുക്കുന്നതെന്ന് മീനാക്ഷിയമ്മാൾ പറയുന്നു. കളിമണ്ണിൽ കടഞ്ഞെടുത്തു നിറം കൊടുത്തു മനോഹരമാക്കിയ നവരാത്രി വിഗ്രഹങ്ങളാണ് ഇവയോരോന്നും. ബൊമ്മകൾ സമാഹരിക്കുന്നത് വിജയദശമി ദിനത്തിന്റെ തലേന്നുള്ള ശ്രമമല്ല മറിച്ച് വർഷം മുഴുവനുമുള്ള പ്രയത്നമാണ്. ഒൻപതാമത്തെ തട്ടിൽ നവഗ്രഹങ്ങൾ നിരത്തിയാണ് തട്ട് ഒരുക്കുന്നത് അവസാനിപ്പിക്കുന്നത്. എന്നാൽ പതിനൊന്ന് തട്ടുകളുള്ളതിനാൽ പത്താമത്തെ തട്ടിൽ ദശാവതാരവും പതിനൊന്നാം തട്ടിൽ ദേവീദേവന്മാരെയും നിരത്തിയ മീനാക്ഷിയമ്മാൾ ഒരുക്കിയിരിക്കുന്ന ബൊമ്മക്കൊലു നയനാനന്ദം നൽകുന്നതാണ്. അനന്തപദ്മനാഭനും അഷ്ടലക്ഷ്മികളും ദക്ഷിണാമൂർത്തിയും രാധയും കൃഷ്ണനും തുടങ്ങി അനുഗ്രഹം ചൊരിയുന്ന ഒട്ടേറെ ദേവീദേവന്മാരുടെ കമനീയ കാഴ്ചകളാൽ സമ്പുഷ്ടം.