കോവളം : യാത്രക്കാർക്ക് ഭീഷണിയായി ബൈപാസിലെ തിരുവല്ലം - അമ്പലത്തറവരെയുള്ള ഭാഗത്ത് തെരുവ് നായ്ക്കൾ പിടിമുറുക്കുന്നു. യാത്രക്കാർക്കും വാഹനങ്ങൾക്കും മുന്നിലേക്ക് ചാടുന്ന നായ്ക്കൂട്ടം നിരവധി അപകടങ്ങളും ഉണ്ടാക്കുന്നുണ്ട്. ഇരുചക്ര വാഹനയാത്രക്കാർക്കും കാൽനടക്കാർക്കുമാണ് ഇവ ഏറെ ഭീഷണിയായിരിക്കുന്നത്. തെരുവ് നായ്ക്കളുടെ വന്ധ്യംകരണ പദ്ധതി വിജയിച്ചെന്ന് നഗരസഭ പറയുമ്പോഴും ബൈപാസിലും മാർക്കറ്റുകളിലും ഇവയുടെ ശല്യം ഇരട്ടിക്കുകയാണ്.
അമ്പലത്തറ, കുമരിച്ചന്ത, പൂന്തുറ, എസ്.എം ലോക്ക്, തിരുവല്ലം പരശുരാമ സ്വാമിക്ഷേത്രക്കടവ് റോഡ്, റിംഗ് റോഡിന്റെ വശങ്ങൾ എന്നിവിടങ്ങളെല്ലാം തെരുവ് നായ്ക്കളുടെ പിടിയിലാണ്. റോഡരികിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾക്കടിയിൽപ്പോലും നായ്ക്കളുടെ കൂട്ടമാണ്. പല ഭാഗത്തായി മാലിന്യം കുന്നുകൂടിയതാണ് നായശല്യം കൂടാൻ കാരണമായത്.
അമ്പലത്തറ, കുമരിച്ചന്ത മാർക്കറ്റും, പൂന്തുറ ഭാഗത്തെ വഴിയോര ഇറച്ചിക്കടകളുമെല്ലാം നായ്ക്കളുടെ സ്വൈര്യവിഹാര കേന്ദ്രമാണ്. കുമരിച്ചന്ത മത്സ്യ മാർക്കറ്റ് പുലർച്ചെ സജീവമാകും. എന്നാൽ സന്ധ്യമയങ്ങിയാൽ നായ്ക്കൾ ഇവിടത്തെ കടത്തിണ്ണകൾ കീഴടക്കും. ഒരുവർഷം മുമ്പ് ഇവിടത്തെ കടത്തിണ്ണയിൽ ഉറങ്ങിക്കിടന്നിരുന്ന രണ്ടു പേർക്ക് നായ്ക്കൂട്ടത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. മാലിന്യ നീക്കം നിലച്ചതാണ് നായശല്യം കൂടാൻ കാരണമെന്നാണ് നാട്ടുകാരുടെ പരാതി.
അമ്പലത്തറ മിൽമ ഡെയറിക്ക് സമീപത്തെ സ്വകാര്യ വസ്തുക്കളും ആൾപാർപ്പില്ലാത്ത കെട്ടിടങ്ങളുമെല്ലാം നായ്ക്കളുടെ താവളമാണ്. ഇവിടെ ചുറ്റിത്തിരിയുന്ന നായ്ക്കളും സന്ധ്യമയങ്ങുന്നതോടെ ബൈപാസിലേക്കിറങ്ങും. നായ്ക്കളെ പേടിച്ചാണ് തിരുവല്ലം - അമ്പലത്തറ ബൈപാസിലെ സർവീസ് റോഡുകളിലൂടെ രാത്രിയിൽ കാൽനടക്കാർ പോകുന്നത്. അതേസമയം മാസങ്ങൾക്ക് മുമ്പ് നഗരസഭ ആരംഭിച്ച നായ്ക്കളുടെ വന്ധ്യംകരണം ഫലപ്രദമായില്ലെന്നും ആക്ഷേപമുണ്ട്.