തിരുവനന്തപുരം: കലാലയ രാഷ്ട്രീയത്തിലും കലാ - കായിക മത്സരങ്ങളുടെ മികവിലും മാത്രമല്ല, സാമൂഹികമാദ്ധ്യമങ്ങളിലെ ആക്ഷേപഹാസ്യത്തിന്റെ നൂതനോപാധിയായ ട്രോളുണ്ടാക്കുന്ന കാര്യത്തിലും തങ്ങൾ ഒട്ടും പിന്നിലല്ലെന്ന് തെളിയിച്ചിരിക്കുകയാണ് യൂണിവേഴ്സിറ്റി കോളേജിലെ ചുണക്കുട്ടികൾ. കേരളത്തിലെ ആദ്യ ട്രോൾ ക്ലബ് സ്ഥാപിച്ചതിന്റെ റെക്കാഡും ഇവർക്ക് സ്വന്തം. ‘ട്രോൾ യു.സി - യൂണിവേഴ്സിറ്റി കോളേജ് ’ എന്ന ഫേസ്ബുക്ക് പേജിലൂടെ സംസ്ഥാനത്താകെ ചിരി പടർത്തുകയാണ് ഈ കോളേജ് വിദ്യാർത്ഥികൾ.
കുറച്ച് നാൾ മുമ്പ് വരെ കോളേജിലെ പ്രധാന വിശേഷങ്ങളും വാർത്തകളും കോളേജ് മാഗസിനിലൂടെയാണ് പുറംലോകത്തെത്തിയിരുന്നത്. എന്നാൽ ഇപ്പോൾ കഥ മാറി. കോളേജിലെ ചെറിയ വിശേഷങ്ങൾ പോലും ട്രോളാക്കി സോഷ്യൽമീഡിയയിൽ പോസ്റ്റുകയാണ് യൂണിവേഴ്സിറ്റി കോളേജിലെ ന്യൂജെൻ പിള്ളേർ. 2017ൽ ട്രോൾ ഗ്രൂപ്പായി തുടങ്ങിയ പേജ് അംഗങ്ങൾ കൂടിയതിനാൽ ട്രോൾ ക്ലബാക്കുകയായിരുന്നു. അദ്ധ്യാപകരും പിന്തുണയേകിയതോടെ സംഗതി ക്ളിക്കായി. വിദ്യാർത്ഥികളായ അനന്തു അജയൻ, ഗോകുൽ, അഭയ് എന്നിവരാണ് ട്രോൾ ക്ലബിന് പിന്നിൽ. നസീമിന്റെ നേതൃത്വത്തിലുള്ള കോളേജ് യൂണിയനാണ് ആവശ്യമായ സഹായങ്ങൾ നൽകുന്നത്.
എന്തിനും ഏതിനും ട്രോൾ!
കലാലയ രാഷ്ട്രീയം, സമരങ്ങൾ, പ്രണയം, കോളേജിലെ വിശിഷ്ടാതിഥികൾ, കലാ, സാംസ്കാരിക, കായിക പരിപാടികൾ, വിദ്യാർത്ഥികളുടെ ജന്മദിനങ്ങൾ, പുരസ്കാരങ്ങൾ, കാന്റീൻ കഥകൾ, സൗഹൃദങ്ങൾ തുടങ്ങി കോളേജിലെ കെട്ടിടങ്ങളും മരങ്ങളും കോളേജിന് മുകളിലൂടെ പറക്കുന്ന പക്ഷികളും വരെ പിള്ളേരുടെ ട്രോളിന് വിഷയമാകാറുണ്ട്. കേരള സർവകലാശാലയാണ് പ്രധാന ഇര. 'ആരെയും ആക്ഷേപിക്കാനും വേദനിപ്പിക്കാനുമല്ല ഈ ട്രോൾ ക്ലബ്. മറിച്ച് പരിഹാസരൂപത്തിൽ കോളേജിലെ സംഭവങ്ങൾ മറ്റുള്ളവരെ അറിയിക്കുകയാണ് ലക്ഷ്യ" മെന്ന് ക്ലബിന്റെ കൺവീനറും കോളേജിലെ എം.എ വിദ്യാർത്ഥിയുമായ ആർ.ജെ. സജിൻ പറയുന്നു.
7,000ത്തിലധികം അംഗങ്ങൾ
കോളേജിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും എച്ച്.ഒ.ഡികളും പൂർവവിദ്യാർത്ഥികളും മറ്റ് കോളേജിലെ വിദ്യാർത്ഥികളും അടക്കം 7,000ത്തിലധികം പേരാണ് നിലവിൽ ക്ളബിൽ അംഗത്വമെടുത്തിട്ടുള്ളത്. അംഗങ്ങൾക്കും ട്രോളുണ്ടാക്കി പോസ്റ്റ് ചെയ്യാം. നിർദ്ദോഷമായ ആക്ഷേപഹാസ്യമായിരിക്കണം. ക്ലബിന്റെ അഡ്മിൻമാരായ ആർ.ജെ .സജിൻ, രഞ്ജിത്ത്, ബോബി, ആകാശ്, ആദർശ്, സാന്ദ്രാ ആചാര്യ, അനന്ദു ഗണേഷ് എന്നിവരിലാരെങ്കിലും അപ്രൂവ് ചെയ്താലേ പോസ്റ്റുകൾ പേജിലെത്തൂ. മഹാരാജാസിൽ കലാലയ രാഷ്ട്രീയപ്രവർത്തനത്തിനിടെ കൊല്ലപ്പെട്ട അഭിമന്യുവും ട്രോൾ ക്ലബിന്റെ അംഗവും ഫാനുമായിരുന്നു.
ചിരിക്കുള്ളിലെ നന്മ!
വെറുതേ ട്രോളുണ്ടാക്കി തമാശ കളിച്ച് നടക്കുന്നവരല്ല ക്ലബ് അംഗങ്ങൾ, നിരവധി സന്നദ്ധപ്രവർത്തനങ്ങൾക്കും ഈ യുവതലമുറ ചുക്കാൻ പിടിക്കുന്നുണ്ട്. പ്രളയക്കെടുതിയിൽപ്പെട്ടവർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയതുൾപ്പെടെ നിരവധി പ്രവർത്തനങ്ങൾ ഇവർ നടത്തുന്നുണ്ട്.