തിരുവനന്തപുരം : കൈയിൽ അയ്യപ്പന്റെ പൂമാല ചാർത്തിയ ചിത്രവുമായി യുവതികൾ തൊണ്ടപ്പൊട്ടുമാറുച്ചത്തിൽ വിളിച്ചു 'സ്വാമിയേ ശരണം അയ്യപ്പാ...' ശബരിമലയിലെ സ്ത്രീപ്രവേശത്തെ എതിർത്തുകൊണ്ട് എൻ.ഡി.എ നടത്തിയ പദയാത്രയിൽ പങ്കെടുക്കാനെത്തിയ പുരുഷാരം ഏറ്റുവിളിച്ചു 'സ്വാമിയേ ശരണം അയ്യപ്പാ...'
ശബരിമല സംരക്ഷണ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാൻ എത്തിയ ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി മുരളീധർറാവുവും ചേർന്നതോടെ സെക്രട്ടേറിയറ്റിനു മുന്നിൽ ശരണം വിളികൾ മുഴങ്ങി.ഇരുമുടിക്കെട്ടും കെട്ടി ശബരിമലയ്ക്ക് പോകുമ്പോൾ ഉയരുന്നതിനെക്കാളധികം കരുത്താർന്ന ശരണം വിളികൾ. റോഡ് നിറയെ വിശ്വാസികൾ. ഒപ്പം ബി.ജെ.പി, ബി.ഡി.ജെ.എസ് തുടങ്ങി എൻ.ഡി.എ കക്ഷികളുടെ കൊടിതോരണങ്ങൾ.
പട്ടത്ത് നിന്നും ആരംഭിച്ച ശബരിമല സംരക്ഷണയാത്ര സെക്രട്ടേറിയറ്റ് നടയിൽ വലിയൊരു പ്രവാഹമായി അവസാനിച്ചു. സമാപന സമ്മേളനത്തിന് സ്വാഗതം പറഞ്ഞ എ.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കാനായി എൻ.ഡി.എയുടെ കൺവീനറും ബി.ഡി.ജെ.എസിന്റെ സംസ്ഥാന പ്രസിഡന്റുമായ തുഷാർ വെള്ളാപ്പള്ളിയെ ക്ഷണിച്ചപ്പോൾ അണികൾ വരവേറ്റത് ശരണം വിളികളോടെയായിരുന്നു. ജാഥാ ക്യാപ്ടൻ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ളയാണ് ഏറ്റവും ഒടുവിൽ സംസാരിച്ചത്. അതിനു മുന്നോടിയായി മുസ്ലിം കൾച്ചറൽ ഫോറം പ്രസിഡന്റ് കഴക്കൂട്ടം നജുമുദ്ദീൻ, ജെ.ഡി.എസ് ജില്ലാ വൈസ് പ്രസിഡന്റായിരുന്ന കരകുളം ദിവാകരൻ നായർ എന്നിവർ സ്വീകരണം നൽകിയപ്പോഴും ആവേശത്തോടെ ശരണം വിളികൾ മുഴങ്ങി. 62 വർഷമായി ശബരിമലയ്ക്കു പോകുന്ന ആളാണ് ദിവാകരൻ നായർ.
ശബരിമല ആചാരങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എൻ.ഡി.എ സെക്രട്ടേറിയറ്റിന് മുന്നിലേക്ക് നടത്തിയ ശബരിമല സംരക്ഷണജാഥയ്ക്ക് പതിനായിരങ്ങൾ അണിനിരന്ന വിശ്വാസി സംഗമത്തിന്റെ രൂപവും ഭാവവുമായിരുന്നു. ശരണംവിളികളും അയ്യപ്പസ്തുതികളുമായി തീർത്ഥയാത്ര പോലെ വിശ്വാസികൾ ജാഥയിൽ പങ്കുചേർന്നു. ഭൂരിപക്ഷവും സ്ത്രീകളായിരുന്നു. ശബരിമലയിലെ ആചാരങ്ങൾ അതേപടി സംരക്ഷിക്കുമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് അവർ സെക്രട്ടേറിയറ്റിന് മുൻവശത്തെ നിരത്ത് കൈയടക്കി.
ശബരിമലയിലെ ഈശ്വര ചൈതന്യവും വിശ്വാസങ്ങളും സംരക്ഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു നാമജപവും ശരണഘോഷങ്ങളും ഉയർന്നത്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ വിശ്വാസികളുടെ വികാരം ഉൾക്കൊണ്ട് തീരുമാനമെടുക്കാൻ സർക്കാരിന് 24 മണിക്കൂർ സാവകാശം നൽകിക്കൊണ്ടാണ് ജാഥ സമാപിച്ചത്.
ജാഥ കടന്നുവന്ന പട്ടം മുതൽ എം.ജി റോഡ് വഴി സെക്രട്ടേറിയറ്റിന് മുന്നിലേക്കുള്ള ഗതാഗതം മൂന്നുമണിക്കൂറോളം തടസപ്പെട്ടു. ഇതുവഴിയുള്ള വാഹനങ്ങൾ പൊലീസ് ഉപറോഡുകളിലൂടെ തിരിച്ചുവിട്ടു. രാവിലെ11നാണ് യാത്ര ആരംഭിച്ചത്. നിരത്ത് നിറഞ്ഞ് നീങ്ങിയ ജാഥ ഉച്ചയ്ക്ക് 12.30 നാണ് സെക്രട്ടേറിയറ്റിന് മുൻവശത്ത് എത്തിയത്. നാലു ദിവസം മുമ്പ് പന്തളത്ത് നിന്നും ആരംഭിച്ച ശബരിമല സംരക്ഷണയാത്ര ഞായറാഴ്ചയാണ് ജില്ലയിൽ പ്രവേശിച്ചത്.