തിരുവനന്തപുരം: നഗരത്തിലെ കെട്ടിട നിർമ്മാണങ്ങൾക്ക് പെർമിറ്റ് നൽകുന്നതിന് നഗരസഭ പുതിയ പരിഷ്കാരം നടപ്പാക്കുന്നു. ബേസ്മെന്റ് പൂർത്തിയാക്കിയ ശേഷം മാത്രമേ ഇനി പെർമിറ്റ് ലഭിക്കൂ. എന്നാൽ ബാങ്കിൽ നിന്ന് വായ്പ ലഭിക്കണമെങ്കിൽ പെർമിറ്റ് കൂടിയേ തീരൂ. ഇതോടെയാണ് നഗരാസൂത്രണ സമിതിയുടെ പുതിയ തീരുമാനം നഗരവാസികൾക്ക് തലവേദനയാകുന്നത്.
ഐ.എം.ബി.എസ് സോഫ്റ്റ്വെയറിലൂടെ ആദ്യം അപേക്ഷിക്കണം. പെർമിറ്റിന് കാത്തുനില്ക്കാതെ ബേസ്മെന്റ് കെട്ടണം. പണിപൂർത്തിയായശേഷം നഗരസഭയിൽ രേഖാമൂലം അപേക്ഷ നൽകണം. തുടർന്ന് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തും. ലംഘനമില്ലെങ്കിൽ പത്ത് ദിവസത്തിനുള്ളിൽ അനുമതി നൽകും. പത്ത് ദിവസത്തിനുള്ളിൽ അനുമതി ലഭിച്ചില്ലെങ്കിൽ പണിതുടരാമെന്നും പുതിയ സർക്കുലറിൽ പറയുന്നു. എന്നാൽ നിലവിലുള്ള കെട്ടിട നിർമ്മാണ ചട്ടങ്ങൾക്ക് വിരുദ്ധമാണ് നഗരസഭയുടെ പുതിയ തീരുമാനം. കെട്ടിടം പണി ആരംഭിക്കുന്നതിന് മുമ്പ് പെർമിറ്റിന് പ്ലാൻ ഉൾപ്പെടെ അപേക്ഷ നൽകണം. അപേക്ഷ പരിശോധിച്ച് 15 ദിവസത്തിനുള്ളിൽ പെർമിറ്റ് അനുവദിക്കണം. പണി പുരോഗമിക്കുന്നതിനിടെ ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തണമെന്നതാണ് നിലവിലെ ചട്ടം.
നിലവിലുള്ള നിയമം പാലിക്കപ്പെടുന്നില്ല
പെർമിറ്റ് ലഭിച്ച് ബേസ്മെന്റ് പണിതുടങ്ങി കഴിഞ്ഞാൽ ഉടമ ഇക്കാര്യം നഗരസഭയെ അറിയിക്കണമെന്നാണ് ഇപ്പോഴത്തെ നിയമം. തുടർന്ന് ബേസ്മെന്റ് പൂർത്തിയാക്കുന്നതിന് മുമ്പ് ഉദ്യോഗസ്ഥരെത്തി സ്ഥലപരിശോധന നടത്തണം. ചട്ടലംഘനം ഈഘട്ടത്തിലാണ് കണ്ടെത്തുന്നത്. നിലവിൽ ഇത് പാലിക്കപ്പെടുന്നില്ല. ഇതിന് ബദലായാണ് നഗരസഭ പുതിയ നിയമം കൊണ്ടുവരുന്നത്.
സർക്കാർ തീരുമാനം അന്തിമം
കേരള മുനിസിപ്പൽ ബിൽഡിംഗ് റൂളിന് പുറത്തുള്ള കാര്യം നടപ്പാക്കണമെങ്കിൽ സർക്കാർ അനുമതിവേണം. നഗരാസൂത്രണ സമിതിയുടെ തീരുമാനം കൗൺസിൽ പാസാക്കി സർക്കാരിന് അയയ്ക്കണം. തുടർന്ന് സർക്കാരാണ് അന്തിമതീരുമാനമെടുക്കേണ്ടത്.