നവരാത്രി റിലീസായി നാല് ചിത്രങ്ങൾ തിയേറ്ററിൽ എത്തുന്നു. മലയാളത്തിൽ നിന്ന് ഡാകിനിയും ആനക്കള്ളനും തമിഴിൽ നിന്ന് സണ്ടക്കോഴി 2ഉം വട ചെന്നൈയുമാണ് 19ന് റിലീസ് ചെയ്യുക.
ബിജു മേനോൻ നായകനാകുന്ന ആനക്കള്ളൻ പേര് സൂചിപ്പിക്കും പോലെ ഒരു കള്ളന്റെ കഥയാണ് പറയുന്നത്. സുരേഷ് ദിവാകർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമ്മാതാക്കൾ സപ്തരംഗ് സിനിമാസാണ്. ഷംന കാസിമും അനുശ്രീയും നായികമാരാകുന്ന ചിത്രത്തിൽ സിദ്ധിഖ്, ഇന്ദ്രൻസ്, സായി കുമാർ, സുരാജ് വെഞ്ഞാറമൂട്, സുധീർ കരമന, സുരേഷ് കൃഷ്ണ, ധർമ്മജൻ, ഹരീഷ് കണാരൻ, കൈലാഷ്, ബാല, പ്രിയങ്ക, ബിന്ദു പണിക്കർ തുടങ്ങി ഒരു വലിയ താരനിര അണിനിരക്കുന്നു. ഉദയകൃഷ്ണയുടേതാണ് തിരക്കഥ. സംഗീതസംവിധാനം: നാദിർഷ. ഛായാഗ്രഹണം ആൽബിയും എഡിറ്റിംഗ് ജോൺകുട്ടിയും നിർവഹിക്കുന്നു.
പ്രായമായ നാല് സ്ത്രീകളെ കേന്ദ്രകഥാപാത്രങ്ങളാക്കി രാഹുൽ റെജി നായർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡാകിനി. സുഡാനി ഫ്രം നൈജീരിയയിലൂടെ ശ്രദ്ധേയരായ സരസ ബാലുശ്ശേരി, സാവിത്രി രാജീവൻ എന്നിവരോടൊപ്പം സേതുലക്ഷ്മി, പൗളി വത്സൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യൂണിവേഴ്സൽ ഫിലിംസിന്റെയും ഉർവശി തിയേറ്റേഴ്സിന്റെയും ബാനറിൽ ബി. രാകേഷ്, സന്ദീപ് സേനൻ, അനീഷ് എം. തോമസ് എന്നിവർ ചേർന്നാണ് നിർമ്മാണം. ചെമ്പൻ വിനോദ്, അജു വർഗീസ്, അലൻസിയർ, ഇന്ദ്രൻസ്, സൈജു കുറുപ്പ് എന്നിവരാണ് മറ്റ് താരങ്ങൾ. അലക്സ് ജെ. പുളിക്കൻ ഛായാഗ്രഹണവും രാഹുൽ രാജ് സംഗീത സംവിധാനവും നിർവഹിക്കുന്നു.
സൂപ്പർഹിറ്റ് ചിത്രം സണ്ടക്കോഴിയുടെ രണ്ടാം ഭാഗമാണ് സണ്ടക്കോഴി 2. വിശാൽ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ലിങ്കുസാമിയാണ്. വിശാൽ ഫിലിം ഫാക്ടറിയുടെ ബാനറിൽ വിശാൽ തന്നെയാണ് നിർമ്മാണം. കീർത്തി സുരേഷാണ് നായിക. വരലക്ഷ്മി ശരത് കുമാർ, രാജ് കിരൺ, നന്ദ പെരിയസാമി, ഹരീഷ് പേരടി, അപ്പാനി ശരത്, കഞ്ചാ കറുപ്പ്, മാരിമുത്ത്, രവി മരിയ, ജോ മല്ലൂരി, തെന്നവൻ, കബാലി വിശ്വനാഥ് തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നു. യുവൻ ശങ്കർ രാജയാണ് സംഗീത സംവിധായകൻ.
വെട്രിമാരൻ സംവിധാനം ചെയ്യുന്ന വട ചെന്നൈയിൽ ധനുഷ് നായകനാകുന്നു. വണ്ടർബാർ ഫിലിംസിന്റെ ബാനറിൽ ധനുഷ് തന്നെയാണ് നിർമ്മാണം. കാരംസ് കളിക്കാരനായ അൻപ് എന്ന കഥാപാത്രത്തെയാണ് ധനുഷ് അവതരിപ്പിക്കുന്നത്. ഐശ്വര്യ രാജേഷും ആൻട്രിയ ജെർമിയയും നായികമാരായി എത്തുന്നു. സമുദ്രക്കനി, സംവിധായകൻ അമീർ, ഡാനിയേൽ ബാലാജി, കിഷോർ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ. ഛായാഗ്രഹണം: വേൽരാജ്, സംഗീതസംവിധാനം: സന്തോഷ് നാരായണൻ.